ഡല്‍ഹി നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനേ രുക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ഒരു പണിയും ഇല്ലാതെ വീട്ടിലിരിക്കണമെന്നാണോ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.
ഡല്‍ഹിയില്‍ നിയമസഭ മരവിപ്പിച്ചു നിറുത്തിയിരിക്കുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് എംഎല്‍എമാര്‍ക്ക് ശമ്പളം നല്‍കുന്നത്. അങ്ങനെയുള്ള അവര്‍ അലസരായി വീട്ടില്‍ ഇരുന്നാല്‍ മതിയോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കാന്‍ തയ്യാറാണെങ്കില്‍ ഹര്‍ജി തീര്‍പ്പാക്കാമെന്നും എന്നാല്‍ പ്രശ്നത്തില്‍ നേരിട്ട് ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഒരു പാര്‍ട്ടി പറയുന്നു ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്ന്. മറ്റൊരു പാര്‍ട്ടി പറയുന്നു ഭരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലെന്ന്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജനങ്ങള്‍ ഇതിന്റെയൊക്കെ ബുദ്ധിമുട്ട് അനുഭവിക്കണമെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു.