നടന്നത് ഭീകരത; കോടതി മുറിക്കുള്ളില്‍ വച്ച് പോലും കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടു, സംഭവങ്ങള്‍ കണ്ട് ഞെട്ടി- സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍

ബുധന്‍, 17 ഫെബ്രുവരി 2016 (17:33 IST)
ദേശവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഡല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറി പട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിയില്‍ സംഭവിച്ചത് ഭീകരതയെന്ന് സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ അഭിഭാഷക കമ്മീഷന്‍. കോടതി മുറിക്കുള്ളില്‍ വച്ച് പോലും കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടു. അഭിഭാഷക കമ്മീഷന് നേരെ പോലും കല്ലേറ് ഉണ്ടായി. സംഭവങ്ങള്‍ കണ്ട് ഞെട്ടി എന്നും കമ്മീഷന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഈ സാഹചര്യത്തില്‍ കനയ്യ കുമാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം ഉടന്‍ ഡല്‍ഹി പൊലീസ് കമ്മീഷണറെ അറിയിക്കാന്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കി.

അതേസമയം, കനയ്യ കുമാറിന്റെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. മാര്‍ച്ച് രണ്ടുവരെ കസ്‌റ്റഡിയില്‍ വിടാനാണ് ഡല്‍ഹി പട്യാല കോടതി ഉത്തരവിട്ടത്.

യാതൊരു തരത്തിലുള്ള രാജ്യദ്രോഹ പ്രവര്‍ത്തികള്‍ക്കും ആഹ്വാനം നല്‍കിയിട്ടില്ലെന്നും പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാമെന്നും കനയ്യയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വാദം തള്ളിയ കോടതി റിമാന്‍ഡ് മാര്‍ച്ച് രണ്ടു വരെ നീട്ടി ഉത്തരവിടുകയായിരുന്നു.

കനയ്യ കുമാറിനു ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പൊലീസ് എതിര്‍ത്തു. കനയ്യ കുമാര്‍ രാജ്യദ്രോഹക്കുറ്റം ചെയ്തതിനു തെളിവുകള്‍ ലഭിച്ചുവെന്ന് പൊലീസ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കനയ്യ കുമാറിന് ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.
ബിജെപി, സംഘപരിവാര്‍ അഭിഭാഷകര്‍ കോടതി പരിസരത്ത് അഴിഞ്ഞാട്ടം നടത്തുകയും കോടതിയിലേക്ക് കൊണ്ടു പോകുന്നതുവഴി കനയ്യ കുമാറിനെ ആക്രമിക്കുകയും ചെയ്‌തു. അഭിഭാഷകസംഘം കനയ്യ കുമാറിനെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു.

അമ്പതോളം വരുന്ന അഭിഭാഷകരാണ് ആക്രമണം അഴിച്ചുവിട്ടത്. കോടതി വളപ്പില്‍ തുടങ്ങിയ അക്രമം കോടതി മുറിക്കുള്ളിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം തിരിയുകയായിരുന്നു. ബിജെപിക്കാരല്ലാത്ത ആരെയും കോടതിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് ബിജെപി അഭിഭാഷകര്‍ സ്വീകരിച്ചത്. 400 ഓളം വരുന്ന പൊലീസിനെ കാഴ്‌ചക്കാരാക്കിയാണ് അഭിഭാഷകര്‍ ആക്രമം നടത്തിയത്.

കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കനത്ത സുരക്ഷ നല്‍കണമെന്ന് രാവിലെ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷയും മറികടന്ന് അഭിഭാഷകന്‍ കനയ്യ കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. ദേശീയ പതാകയുമായെത്തിയ ബിജെപി അനുകൂലികളായ അഭിഭാഷകർ തങ്ങളെ ആക്രമിയ്ക്കുകയായിരുന്നുവെന്ന് മാദ്ധ്യമപ്രവർത്തകർ പറയുന്നു.

വെബ്ദുനിയ വായിക്കുക