ഒപിഎസ് പുലിയാണ്; ചിന്നമ്മയെ വിറപ്പിക്കാന്‍ പുതിയ കൂട്ടുക്കെട്ട്!

ബുധന്‍, 8 ഫെബ്രുവരി 2017 (19:38 IST)
തമിഴ്‌ രാഷ്‌ട്രീയത്തില്‍ പുതിയ കൂട്ടുക്കെട്ടുകളൊരുങ്ങുന്നു. എഐഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിര്‍പ്പുള്ള നേതാക്കള്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍‌വത്തിനൊപ്പം ചേരുന്നു. അന്തരിച്ച ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറാണ് ഇതില്‍ പ്രധാനി.

എഐഡിഎംകെ യുടെ മുതിര്‍ന്ന നേതാക്കളായ പിഎച്ച് പാണ്ഡ്യന്‍, മുനിസ്വാമി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ പനീര്‍ സെല്‍‌വത്തിന് ലഭിച്ചേക്കുമെന്നാണ് ചെന്നൈയില്‍ നിന്ന് ലഭിക്കുന്ന സൂചന. ഈ മാസം 24 ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തെ ദീപ ജയകുമാര്‍ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഒപി എസിനൊപ്പം നില്‍ക്കാനാകും ദീപ ശ്രമിക്കുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം,  പാര്‍ട്ടി ആസ്ഥാനത്ത് ശശികല വിളിച്ചുചേര്‍ത്ത എം എല്‍ എമാരുടെ യോഗത്തിനു പിന്നാലെ 130 എം എല്‍ എമാരെയും അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ബസിലാണ് എം എല്‍ എമാരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്.  
റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്തു നിന്ന് പ്രത്യേക ബസിലാണ് ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയത്. ഗവര്‍ണര്‍ തമിഴ്നാട്ടില്‍ എത്തിച്ചേരുന്നതു വരെ ഇവര്‍ അജ്ഞാതകേന്ദ്രത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക