ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ പ്രതിഷേധം; ഗുജറാത്ത് രാഷ്‌ട്രീയത്തില്‍ ഉലച്ചില്‍ ഉണ്ടാക്കാതെ ‘ആസാദി കൂന്‍’

വെള്ളി, 5 ഓഗസ്റ്റ് 2016 (11:28 IST)
സംസ്ഥാനത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്തിലെ ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അഹ്‌മദാബാദില്‍ തുടങ്ങി ഉനയില്‍ അവസാനിക്കുന്ന ‘ആസാദി കൂന്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധമാര്‍ച്ച് ഗുജറാത്ത്‌ രാഷ്‌ട്രീയത്തില്‍ വന്‍ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസാദി കൂന്‍ എന്നതിന് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യാത്ര എന്നാണ് അര്‍ത്ഥം.
 
പരമ്പരാഗതമായി പശുക്കളുടെ തോല്‍ സംസ്കരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഉനയിലെ ദളിതരെ ഗോവധം ആരോപിച്ച് സവര്‍ണര്‍ മര്‍ദ്ദിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാനമൊട്ടുക്ക് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് സവര്‍ണ അതിക്രമങ്ങള്‍ക്ക് എതിരെ ദളിത് പ്രക്ഷോഭം ശക്തമാകുന്നതിന് കാരണമായത്.
 
നേരത്തെ, പശുക്കളുടെ ജഡങ്ങള്‍ മറവു ചെയ്യാതെയും സര്‍ക്കാര്‍ ഓഫീസുകളില്‍ ജഡങ്ങള്‍ ഇട്ടും ദളിതര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മാര്‍ച്ച് നടക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന മാര്‍ച്ച് പത്തുദിവസം കൊണ്ട് 350 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഓഗസ്റ്റ് 15ന് ഉനയില്‍ എത്തിച്ചേരും.

വെബ്ദുനിയ വായിക്കുക