ഇഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് റിപ്പോർട്ട്
വെള്ളി, 9 ഒക്‌ടോബര്‍ 2015 (12:03 IST)
ഉത്തർപ്രദേശിലെ ദാദ്രിയിലെ ഗ്രാമത്തിൽ പശുവിറച്ചി സൂക്ഷിച്ചെന്നും കഴിച്ചുവെന്നാരോപിച്ച് അൻപതു വയസ്സുകാരനായ മുഹമ്മദ് ഇഖ്‌ലാഖിനെ ജനക്കൂട്ടം മർദ്ദിച്ചു കൊന്ന സംഭവം വഴിത്തിരിവില്‍. വീട്ടിലെ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നത് പശുവിറച്ചിയല്ല ആട്ടിറച്ചിയായിരുന്നെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊലപാതക സമയത്ത് വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഇറച്ചിയാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. പ്രാഥമിക പരിശേധനയില്‍ മാംസം ആടിന്റേതാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ സംഭവത്തിന്റെ ഗൌരവം മനസിലാക്കി പൊലീസ് മാംസം മഥുരയിൽ ഫൊറൻസിക് പരിശോധനയ്ക്കായും അയക്കുകയായിരുന്നു. പരിശേധനയില്‍ കണ്ടെടുത്തത് പശുവിറച്ചിയല്ല ആട്ടിറച്ചിയാണെന്നുമാണ് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ജനക്കൂട്ടം തല്ലിക്കൊന്നത്. ഇഖ്‍ലാഖിന്റെ കുടുംബവും തങ്ങൾ പശുവിറച്ചി കഴിച്ചിട്ടില്ലെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബാംഗങ്ങൾ ജന്മഗ്രാമം ഉപേക്ഷിച്ച് ന്യൂഡൽഹിയിലേക്കു താമസം മാറ്റി. കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ ഭാര്യ, മൂത്ത മകനും വ്യോമസേനയിൽ എൻജിനീയറുമായ മുഹമ്മദ് സർതാജ്, മകൾ എന്നിവരാണ് ഡൽഹിയിലെ വാടകവീട്ടിലേക്കു പോയത്.