ഇവിടെ ജീവിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ ബീഫ് ഉപേക്ഷിക്കണം: ഹരിയാന മുഖ്യമന്ത്രി
വെള്ളി, 16 ഒക്‌ടോബര്‍ 2015 (09:37 IST)
ഇന്ത്യയില്‍ ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്നു ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ലാല്‍ ഖട്ടാര്‍. മുസ്‍ലിംകൾക്ക് ബീഫ് കഴിക്കാതെ ജീവിച്ചുകൂടെ, അവര്‍ക്ക് ബീഫ് കഴിക്കണെമെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ. പശുവെന്നത് ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശു, ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷ വിഭാഗത്തിന്റെ വിശ്വാസങ്ങളാണ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലൊക്കൊന്ന സംഭവം തെറ്റിദ്ധാരണമൂലമാണ്‍. ഇതില്‍ ഇരുഭാഗത്തും തെറ്റുപറ്റിയതായും ഖട്ടാര്‍ പറഞ്ഞു.
ദാദ്രി സംഭവത്തിലെ ഇര പശുവിനെ കുറിച്ച് നടത്തിയ പരാമര്‍ശം ഭൂരിപക്ഷത്തിന്‍റെ മതവികാരത്തെ വ്രണപ്പെടുത്തി. അമ്മ കൊല്ലപ്പെട്ടാലും സഹോദരി ബലാത്സംഗം ചെയ്യപ്പെട്ടാലും ആര്‍ക്കും നോക്കിനില്‍ക്കാന്‍ കഴിയില്ല. പ്രതികാരം തോന്നുക സ്വാഭാവികമാണെന്നും ഖട്ടർ പറഞ്ഞു. സാംസ്കാരികമായി നമ്മള്‍ സ്വതന്ത്രരാണ്. പക്ഷേ ആ സ്വാതന്ത്ര്യത്തിന് പരിധിയുണ്ട്. മറ്റൊരാളുടെ വികാരത്തെ വ്രണപ്പെടുത്താത്ത തരത്തിലുള്ള സ്വാതന്ത്ര്യത്തിനേ അവകാശമുള്ളൂവെന്നും ഹരിയാന മുഖ്യമന്ത്രി വിശദീകരിച്ചു.
ഇന്ത്യ ജനാധിപത്യ രാജ്യമാണ്. എല്ലാവർക്കും അവരുടെ അവകാശങ്ങളുമുണ്ട്, എന്നാൽ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ ആകരുത്. ഭരണഘടന ഇക്കാര്യങ്ങൾ എല്ലാ പൗരൻമാർക്കും അധികാരം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയതിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്സ്‍പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിവാദപരമായ പ്രസ്‌താവന നടത്തിയത്.