വര്‍ധയെത്തി; ചെന്നൈയില്‍ ശക്തമായ കാറ്റും മഴയും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (08:31 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ചെന്നൈയില്‍ ശക്തമായ കാറ്റും മഴയും. പ്രതികൂല കാലാവസ്ഥ നേരത്തെ മുന്നില്‍ കണ്ട് സുരക്ഷ കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ അടയ്ക്കമുള്ളവയ്ക്കും തിങ്കളാഴ്ച അവധിയാണ്. ഞായറാഴ്ച രാത്രിയോടെയാണ് ചെന്നൈയില്‍ കാറ്റും മഴയും തുടങ്ങിയത്.
 
തിങ്കളാഴ്ച രാവിലെ ആയപ്പോഴേക്കും കാറ്റും മഴയും ശക്തി പ്രാപിച്ചു. അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
മഴ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് എഗ്‌മോര്‍, ടി നഗര്‍, പാരീസ് എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുള്ള ചില ട്രയിനുകള്‍ റദ്ദാക്കി.

വെബ്ദുനിയ വായിക്കുക