ഓഖി ദേശീയദുരന്തമല്ല, കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്: രാജ്നാഥ് സിംഗ്
വെള്ളി, 22 ഡിസംബര്‍ 2017 (16:57 IST)
ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ആഞ്ഞടിച്ചുണ്ടായ വിപത്തുകള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഓഖി ആഞ്ഞടിച്ചതുമൂലം കേരളത്തിലുണ്ടായ ഇപ്പോഴത്തെ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കാണുന്നതെന്നും എന്നാല്‍ നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഓഖി ചുഴലിക്കാറ്റ് ദുരന്തം ഒരു ദേശീയ ദുരന്തമായി കാണാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രി അറിയിച്ചിരിക്കുന്നത്.
ഓഖി ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്തെന്ന് രാജ്നാഥ് സിംഗ് പാര്‍ലമെന്‍റില്‍ അറിയിച്ചു. ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ വിപത്തുകള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.