‘കശ്‌മീരില്‍ സൈന്യം ആളുകളെ കൊല്ലുന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു’; പുലിവാല് പിടിച്ച അധ്യാപികയ്‌ക്ക് സസ്‌പെന്‍ഷന്‍
തിങ്കള്‍, 18 ഫെബ്രുവരി 2019 (08:21 IST)
രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ സൈന്യത്തെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റിട്ട അധ്യാപികയ്‌ക്ക് സസ്‌പെന്‍ഷന്‍. ഗുവാഹത്തിയിലെ ഐക്കൺ അക്കാഡമി ജൂനിയർ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പാപ്രി ബാനർജിയെ ആണ് കോളേജ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്‌തത്.
സൈന്യത്തെ അധിക്ഷേപിച്ചതിന്റെ പേരില്‍ പാപ്രി ബാനർജിക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് കോളേജ് അധികൃതർ നടപടി സ്വീകരിച്ചത്. സൈന്യവും സേനയും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണമെന്നായിരുന്നു അധ്യാപികയുടെ പക്ഷം.
“45 ധീര യുവാക്കൾ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല, അവർക്ക് തിരിച്ചടിക്കാൻ അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റം ഭീരുത്വവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ നോവിക്കുന്നതുമാണ്. അതേസമയം, കാശ്‌മീർ താഴ്‌വരകളിൽ സുരക്ഷാസേനകൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. കുട്ടികളെ വികലാംഗരാക്കുകയും കൊല്ലുകയും ചെയ്യുന്നു.”- എന്നായിരുന്നു പാപ്രിയുടെ പോസ്‌റ്റ്.
പോസ്‌റ്റ് ഇട്ടതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് പാപ്രിക്കെതിരെ നടന്നത്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിയുള്ളതായി ഇവര്‍ തന്നെ ഫേസ്ബുക്കില്‍ കുറിച്ചു.