കറൻസി നിരോധനം: നിങ്ങളെ കാത്തിരിക്കുന്നത് സർവീസ് ചാർജ് എന്ന അധികചെലവ്

വെള്ളി, 9 ഡിസം‌ബര്‍ 2016 (12:40 IST)
കറൻസി നിരോധനം ഏർപ്പെടുത്തിയതോടെ ജനങ്ങളെ ആശ്രയിക്കുന്നത് ഓൺലൈൻ മേഖലയെ ആണ്. എന്തിനും ഏതിനും ജനങ്ങൾ ഇപ്പോൾ ഡെബിറ്റ്/ ക്രഡിറ്റ് കാർഡാണ് ഉപയോഗിക്കുന്നത്. പണമിടപാടുകളെല്ലാം ഇലക്ട്രോണിക് മാർഗത്തിലൂടെ നടത്തുന്ന ജനങ്ങളെ കാത്തിരിക്കുന്നത് സർവീസ് ചാർജുകളുടെ പെരുമഴയാണ്. റെയിൽവേ ടിക്കറ്റെടുക്കുന്നതിലടക്കം ചില മേഖലകളിൽ സർക്കാർ നിർദേശപ്രകാരം ഇത്തരം ചാർജുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും ഇതു താൽക്കാലികമാണ്. ഡിസംബർ കഴിയുന്നതോടെ ചാർജുകളെല്ലാം തിരികെ വരും.
 
കറൻസി ഇടപാടുകൾ കഴിവതും കുറച്ച് പകരം നെറ്റ്ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇ–വോലിറ്റ് എന്നിവ വഴി ഇടപാടുകൾ നടത്തണമെന്നാണു കേന്ദ്ര നിർദേശം. ഈ നിർദേശം പാലിക്കുകയാണ് ജനങ്ങൾ. അവർക്ക് മുന്നിൽ ഈ ഒരു മാർഗം മാത്രമാണുള്ളത്. സർവീസ് ചാർജിന്റെ പേരിൽ‌ ഏറ്റവും വലിയ കൊള്ള നടക്കുന്നതു റെയിൽവേ ടിക്കറ്റ് വിൽപനയിലാണ്. ഓൺലൈനായി ഒരു സാധാരണ സ്ലീപ്പർ ടിക്കറ്റെടുക്കുന്നതിന് ടിക്കറ്റ് നിരക്കിനു പുറമേ 20 രൂപയാണ് സർവീസ് ചാർജ് നൽകേണ്ടത്. 
 
സമാനമായ രീതിയിൽ ആണ് എ ടി എം കാർഡ് വഴിയുള്ള സേവനത്തിനു ബാങ്കുകൾ സർവീസ് ചാർജ് വാങ്ങുന്നത്. എ ടി എം കാർഡ് സംവിധാനത്തിന് ആവശ്യത്തിനു പ്രചാരമായിക്കഴിഞ്ഞപ്പോഴാണ് കാർഡിനു വാർഷിക ഫീസ് ഈടാക്കിത്തുടങ്ങിയത്. ഇപ്പോൾ മാസം അഞ്ചിൽ കൂടുതൽ തവണ എ ടി എം കാർഡ് വഴി പണം പിൻവലിച്ചാൽ സർവീസ് ചാർജും നൽകണം. പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ഡെബിറ്റ് കാർഡ് വഴി പണം നൽകിയാൽ ബാങ്കുകൾ 10 രൂപ സർവീസ് ചാർജും രണ്ടര ശതമാനം സർവീസ് ടാക്സും ഈടാക്കാൻ തുടങ്ങിയതും ഇരുട്ടടിയായി. കെഎസ്ഇബിയുടെ വൈദ്യുതി ബിൽ ഓൺലൈനിൽ അടയ്ക്കുമ്പോഴും ചില ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക