ക്രൂഡ് ഓയില്‍ വിലയിടിവിന്റെ മറവില്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ചൊവ്വ, 11 നവം‌ബര്‍ 2014 (13:10 IST)
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുന്നതനുസരിച്ച് പെട്രോളിനും ഡീസലിനും നികുതി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി സൂചന. ക്രൂഡ് ഓഉഇല്‍ വില കുറയുന്നതനുസരിച്ച് ആഭ്യന്തര വിപണിയില്‍ പെട്രോള്‍ ഡീസല്‍ വില സ്ഥിരമായി പിടിച്ചു നിര്‍ത്തുകയാണ് സര്‍ക്കാ ഇതിലൂടെ ചെയ്യുന്നത്. ഫലത്തില്‍ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭിക്കാതെ വരും.

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിനനുസരിച്ചാണ് ആഭ്യന്തരവിപണിയില്‍ വിലകുറയ്ക്കുന്നത്. എന്നാല്‍ ക്രൂഡിന്റെ വിലകൂടിയാല്‍ അതിന് ആനുപാതികമായി അടിക്കടി ഇവിടെ വിലവര്‍ധിപ്പിക്കേണ്ടിവരും. ഇപ്പോള്‍ ക്രൂഡ് ഓയിലില്‍ ഉണ്ടാകുന്ന വിലയിടിവ് ഏറെക്കാലം നിലനില്‍ക്കില്ലെന്നും വിപണി വിദഗ്ദര്‍ സര്‍ക്കാരിന് സൂചന നല്‍കിയിട്ടുണ്ട്.

അതിനാല്‍ വില കുറയുന്നതനുസരിച്ച നികുതി വര്‍ധിപ്പിച്ച് പെട്രോള്‍ ഡീസല്‍ വില സ്ഥിരമായി നിര്‍ത്തുക. തുടര്‍ന്ന് വില വര്‍ധിക്കുമ്പോള്‍ ആനുപാതികമായി നികുതി കുറക്കുക. ഇങ്ങനെയാകുമ്പോള്‍ വില കൂടിയാലും കുറച്ചുകാലത്തേക്ക് ആഭ്യന്തര വിപണിയില്‍ ഇവയുടെ വില സ്ഥിരമായി നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കും. കൂടാതെ വിലവര്‍ധനവുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന അതൃപ്തി മറികടക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു.

അടുത്തയിടെ പരോക്ഷനികുതിയിലുണ്ടായ വന്‍ ഇടിവ് പരിഹരിക്കാന്‍ പുതിയ നടപടി ഉതകുമെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കുന്ന തുക താല്‍ക്കാലിക ആശ്വാസവുമാകും. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അസംസ്‌കൃത എണ്ണയുടെ വില 25 ശതമാനമാണ് താഴ്ന്നത്. രാജ്യത്ത് ഇറക്കുമതിചെയ്യുന്ന ക്രൂഡ് വില നവംബര്‍ ഏഴിന് ബാരലിന് 80.87 ഡോളറാ (4,970 രൂപ)യിരുന്നു. കഴിഞ്ഞ മെയ് മാസത്തിലുണ്ടായിരുന്ന 108.05 ഡോളറില്‍( 6,331 രൂപ)നിന്നാണ് ഇത്രയും വില താഴ്ന്നത്.

നികുതി വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യ്ത്തില്‍ രാഷ്ട്രീയമായ തീരുമാനമാണ് ഉണ്ടാകേണ്ടതെന്നാണ് ധനമന്ത്രാലയത്തിലെ ഉദ്യൊഗസ്ഥര്‍ക്കുള്ളത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക