പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും ഉയരുന്ന പ്രക്ഷോഭങ്ങളിൽ കോൺഗ്രസ്സിനെയും പ്രതിപക്ഷകക്ഷികളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പാകിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകണമെന്നാണ് പ്രക്ഷോഭങ്ങളിലൂടെ കോൺഗ്രസ്സ് ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ കക്ഷികൾ മുസ്ലീമുകൾക്കിടയിൽ ഭയം പ്രചരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ കോൺഗ്രസ്സിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കോൺഗ്രസ്സിനും പ്രതിപക്ഷകക്ഷികൾക്കും ധൈര്യമുണ്ടെങ്കിൽ എല്ലാ പാകിസ്ഥാനികൾക്കും ഇന്ത്യൻ പൗരത്വം നൽകാൻ തയ്യാറാണെന്ന് അവർ പ്രഖ്യാപിക്കട്ടെ. അങ്ങനെയെങ്കിൽ രാജ്യം തന്നെ അവർക്ക് നൽകേണ്ടതായിവരും. നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ്സ് വോട്ടുബാങ്കായി വെച്ചു. ഈ നുഴഞ്ഞുകയറ്റക്കാരെ വെച്ചാണ് കോൺഗ്രസ്സ് അധികാരം നിലനിർത്തിയതെന്നും മോദി കുറ്റപെടുത്തി.