ചരക്ക് സേവന നികുതിക്ക് പാര്‍ലെന്‍റിന്‍റെ അനുമതി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച നടപടി ഒത്തുകളിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണ്. അതുകൊണ്ടാണ് ജിഎസ്ടി ചര്‍ച്ചക്ക് കോണ്‍ഗ്രസിനെ മാത്രം ക്ഷണിച്ചത്. സിപിഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെയൊന്നും ചര്‍ച്ചക്ക് ക്ഷണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയുമാണ് പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്കായി ക്ഷണിച്ചത്. അതേ സമയം ജിഎസ്ടി ബില്ലിലെ മൂന്ന് കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്‌ചയ്ക്കും തയ്യാറല്ലെന്ന് സോണിയയും രാഹുലും വ്യക്തമാക്കി. ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു ഉറപ്പും കോണ്‍ഗ്രസിന്‍റെ ഭാഗത്തു നിന്നും ലഭിക്കാതെ വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ നേരില്‍ സമീപിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായത്.
സംസ്ഥാനങ്ങൾക്ക് ഒരു ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള അധികാരം അംഗീകരിയ്ക്കാനാവില്ല, റവന്യൂ ന്യൂട്രൽ റേറ്റ് ജിഎസ്.ടി വ്യവസ്ഥകളിൽ പറയുന്ന 18 ശതമാനത്തിനപ്പുറം പോകരുത്. ജി.എസ്.ടിയ്ക്കായി പ്രത്യേക തർക്ക പരിഹാര സംവിധാനം തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്‌ചയില്ല. സർക്കാർ ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് വ്യക്തമായി പ്രതികരിയ്ക്കുന്നത് വരെ യാതൊരു വിട്ടുവീഴ്‌ചയ്ക്കുമില്ലെന്നാണ് കോൺഗ്രസ് നിലപാട്.