കോണ്‍ഗ്രസിന് ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചേക്കില്ല!
ലോക്സഭാ പ്രതിപക്ഷ നേതൃത്വ സ്ഥാനം ലഭിച്ചേക്കില്ലെന്ന് സൂചന. ഇത് സംബന്ധിച്ച നിയമോപദേശം സ്പീക്കര്‍ക്ക് അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോത്തഗി നല്‍കി. ലോക്‌സഭയില്‍ പത്ത് ശതമാനം സീറ്റില്ലാത്തതിനാല്‍ പ്രതിപക്ഷനേതൃസ്ഥാനം നല്‍കേണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ സ്പീക്കര്‍ സുമിത്ര മഹാജന് നിയമോപദേശം നല്‍കിയത്.
ഇതേ നിലപാടാണ് ബിജെപിയും സ്വീകരിച്ചിരുന്നത്. അതിനാല്‍ നിയമോപദേശത്തിന്റെ പിന്നാലെ സ്പീക്കര്‍ നടപടി എടുത്തേക്കുമെന്ന് സൂചനയുണ്ട്. പത്ത് ശതമാനം എന്ന വ്യവസ്ഥ സ്പീക്കര്‍ പരിഗണക്കണമെന്നും അറ്റോര്‍ണി ജനറല്‍ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കുന്നത് ജനാധിപത്യത്തിനെതിരാണെന്നും നിയമോപദേശം സ്പീക്കര്‍ പിന്തുടേണ്ടതില്ലെന്നും മനീഷ് തിവാരി പ്രതികരിച്ചു.സ്പീക്കര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.