തീരസംരക്ഷണ സേനയുടെ കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ അവസാനിച്ചു

ചൊവ്വ, 14 ജൂലൈ 2015 (19:37 IST)
ഒരു മാസം മുമ്പ്‌ ഗോവ തീരത്ത്‌ കാണാതായ തീരസംരക്ഷണ സേനയുടെ ഡോര്‍ണിയന്‍ വിമാനത്തിനായും വിമാനത്തിലെ രണ്ട്‌ പൈലറ്റുമാരടക്കം മൂന്നു ഉദ്യോഗസ്‌ഥര്‍ക്കുമായി നടത്തിവന്ന തെരച്ചില്‍ അവസാനിച്ചു. ഓപ്പറേഷന്‍ തലാഷ്‌ എന്നുപേരിട്ട തെരച്ചില്‍ നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായതായി പ്രതിരോധമന്ത്രാലയം വക്‌താവ്‌ സിതാന്‍ഷു കാര്‍ ആണ്‌ വ്യക്‌തമാക്കിയത്‌.

വിമാനത്തിന്റെ ഭൂരിഭാഗവും, ഉദ്യോഗസ്‌ഥര്‍ കൈയില്‍ കെട്ടിയിരുന്ന വാച്ചുകള്‍ ഉള്‍പ്പെടെയുള്ള വസ്‌തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. വിമാനത്തിനൊപ്പം കാണാതായവര്‍ മരണമടഞ്ഞിരിക്കാമെന്നാണ്‌ അധികൃതരുടെ പ്രാഥമിക നിഗമനം.

ഗോവ തീരുത്തിന്‌ സമീപം 950 മീറ്റര്‍ ആഴത്തില്‍നിന്നാണ്‌ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. കണ്ടെത്തിയ ഭാഗങ്ങള്‍ പരിശോധിച്ചുവരുന്നതായും അപകടത്തിന്റെ കാരണമറിയുന്നതിന്‌ 'ബ്ലാക്‌ ബോക്‌സ്' പരിശോധനയ്‌ക്ക് വിധേയമാക്കിവരുന്നതായും അദ്ദേഹം വ്യക്‌തമാക്കി.

തമിഴ്‌നാട്‌ തീരുത്തുനിന്നും പറന്നുയര്‍ന്ന ഡോര്‍ണിയന്‍ വിമാനം ജൂണ്‍ എട്ടിനാണ്‌ റെഡാറില്‍നിന്നും കാണാതായത്‌. ഡെപ്യൂട്ടി കമാന്റന്റ്‌ വിദ്യാസാഗര്‍(പൈലറ്റ്‌), ഡെപ്യൂട്ടി കമാന്റന്റ്‌ സുബാഷ്‌ സുരേഷ്‌(കോ-പൈലറ്റ്‌) എം.കെ. സോണി(നാവിഗേറ്റര്‍) എന്നിവരാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌. ഇവരുടെ ഭാര്യമാര്‍ നേരത്തെ തിരച്ചില്‍ നിര്‍ത്തരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

വെബ്ദുനിയ വായിക്കുക