ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ ഛത്തീസ്ഗഡ് സായുധസേനയിലെ സൈനികൻ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. സോഹൻ ടിർക്കിയാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് കേന്ദ്രമായ സുക്‌മയിലെ ബസ്തറിൽ ഇന്നു നടത്തിയ ഐഇഡി സ്ഫോടനത്തിലാണ് അപായമുണ്ടായത്. കിസ്താറാമിലെ ധരംപെന്റ ഗ്രാമത്തിൽ നിർമാണമേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ജവാന്മാരാണ് അപകടത്തിൽപ്പെട്ടത്.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ സന്ദർശനം നടക്കാനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഏതാനും മീറ്ററുകൾ അകലെ നിന്നാണ് സ്ഫോടകവസ്തു പ്രയോഗിച്ചത്. ജവാന്മാർ പ്രത്യാക്രമണം നടത്തിയതോടെ ആക്രമികൾ വനാന്തരങ്ങളിലേക്ക് കടന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ സുലേമാൻ ക്സാക്സാ, ആനന്ദ് മിഞ്ച് എന്നിവരെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.