53 വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന നാഥുലാ ചുരം തുറന്നു

തിങ്കള്‍, 22 ജൂണ്‍ 2015 (17:11 IST)
ഒരു വ്യാഴവട്ടത്തോളം അടച്ചിട്ട നാതുലാപാസ് ചുരം ചൈന ഒടുവില്‍ തുറന്നു, ഇന്ത്യയില്‍ നിന്നുള്ള കൈലാസ- മാനസ സരോവര്‍ തീര്‍ഥാടകര്‍ക്കായാണ് ചൈന ചുരം തുറന്നുകൊടുത്തത്. സിക്കിം വഴി ടിബറ്റിലേക്ക് കടക്കാവുന്ന ഈ പാത ചൈന 53 വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു.  ഇന്ത്യൻ തീർത്ഥാടകർക്ക് തിങ്കളാഴ്ച ടിബറ്റിലേക്ക് പുതിയ വഴി തുറന്നു കൊടുത്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയയായ ഷിൻഹുവ ന്യൂസ് ഏജൻസി വ്യക്തമാക്കി.

നാല്‍പ്പത്തിയാറംഗ തീര്‍ഥാടക സംഘമാണ് ഈ പാതയിലൂടെ കൈലാസ് മാനസോരവറിലേക്ക് യാത്രയായത്. രാവിലെ എട്ട് മണിയോടെ എത്തിയ തീര്‍ഥാടക സംഘം നടപടികള്‍ പൂര്‍ത്തിയാക്കി ഒന്‍പത് മണിയോടെ അതിര്‍ത്തി കടന്നു. ടിബറ്റന്‍ അതിര്‍ത്തിയില്‍ സംഘത്തിന് ചൈനീസ് ഉദ്യോഗസ്ഥര്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലീ യൂചെങ്, ബെയ്ജിംഗിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീര്‍ഥാടക സംഘത്തെ സ്വീകരിച്ചത്.

ചൈനീസ് നിയന്ത്രിത ടിബറ്റിലേക്ക് വിസ ലഭിക്കുന്നതിനുള്ള അസൗകര്യമടക്കം നിരവധി ബുദ്ധിമുട്ടുകളാണ് ഇത്തരം തീർത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നത്. നിലവില്‍ ഉത്തരാഖണ്ഡ്, നേപ്പാള്‍ എന്നിവിടങ്ങളിലൂടെയാണ് തീര്‍ഥാടകര്‍ കൈലാസ് മാനസരോവറിലേക്ക് എത്തുന്നത്. ലിപുലേക് പാസ് കടന്ന് ടിബറ്റിലെ പ്രാചീന കച്ചവട നഗരമായ തക്ലാക്കോട്ടിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. എന്നാല്‍ 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ ഈ പാതയ്ക്ക് വ്യാപക നാശം നേരിട്ടിരുന്നു.

പുതിയ പാത ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാണ്. ഈ പാതയിലൂടെ വാനുകളിലോ ബസുകളിലോ കൈലാസഗിരിയുടെ താഴ്‌വാരത്ത് എത്താന്‍ സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ഇക്കൊല്ലം 250 പേരെയാണ് ഈ പാതയിലൂടെ തീര്‍ഥാടനത്തിന് അനുവദിച്ചിരിക്കുന്നത്. ഇതിലെ ആദ്യസംഘമാണ് ഇന്ന് യാത്രയായത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് കഴിഞ്ഞ വർഷം നടത്തിയ ഇന്ത്യൻ സന്ദർശനത്തിലാണ് വഴി തുറന്നുകൊടുക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനമായത്. വാഗ്ദാനം നിറവേറ്റുന്നതിലൂടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ മുൻകൈയ്യെടുക്കുകയാണ് ചൈന.

വെബ്ദുനിയ വായിക്കുക