അനധികൃത സ്വത്ത് സമ്പാദനം: ചീഫ് ഇന്‍കം ടാക്സ് കമ്മീഷണര്‍ ഗോയലിനെതിരെ സിബിഐ അന്വേഷണം
വെള്ളി, 16 ഒക്‌ടോബര്‍ 2015 (09:15 IST)
ചീഫ് ഇന്‍കം ടാക്സ് കമ്മീഷണര്‍ അനില്‍ ഗോയലിനെതിരെ സിബിഐ അന്വേഷണം. ഗോയലിന്റെ മുംബൈയിലേയും ഡല്‍ഹിയിലേയും വസതികളില്‍ സിബിഐ റെയ്ഡ് നടത്തി. മുംബൈയിലെ വസതിയില്‍ നിന്നും 30 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖ കണ്ടെത്തി.
മൂന്നു ദിവസമായി അനില്‍ ഗോയല്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്‌ച കോട്ടയത്ത് നടന്ന റെയ്‌ഡില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റിലായിരുന്നു. ഇയാള്‍ നിന്ന് പത്തുലക്ഷം രൂപ കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ഈ പണം അനില്‍ ഗോയലിന് നല്‍കാന്‍ ഉള്ളതാണെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു അനിലിനെതിരെ അന്വേഷണം ശക്തമാക്കിയത്.
അനില്‍ ഗോയലിന്റെ ഡല്‍ഹിയിലേയും മുംബൈയിലെയും വസതികളില്‍ നടന്ന റെയ്‌ഡില്‍ അനധികൃതസ്വത്ത് സമ്പാദനത്തിന്റെ രേഖകള്‍ കണ്ടെത്തി. വന്‍ കിടക്കാരുടെ ടാക്‍സ് ഇടപാടില്‍ തിരിമറി നടത്തി അവരെ സഹായിച്ച് പണം വാങ്ങുന്ന രീതിയായിരുന്നു അനിലിന് ഉണ്ടായിരുന്നത്. ഇടനിലക്കാരെ ഉപയോഗിച്ചായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. അനിലിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി സിബിഐ തീരുമാനിച്ചിട്ടുണ്ട്.