കരീനയുമൊത്തുള്ള സെല്‍ഫി; പുലിവാല് പിടിച്ച് ഛത്തിസ്ഗഢ് മുഖ്യമന്ത്രി

ശനി, 21 നവം‌ബര്‍ 2015 (13:40 IST)
ബോളിവുഡ് നടി കരീന കപൂറുമൊത്ത് ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിംഗ് എടുത്ത സെൽഫി വിവാദമാകുന്നു. കടുത്ത വരൾച്ചമൂലം സംസ്ഥാനത്ത് ഡസൻ കണക്കിന് കർഷകര്‍ ദിനംപ്രതി ആത്മഹത്യ ചെയ്യുബോഴും വിളകൾ നശിക്കുബോഴുമാണ് മുഖ്യമന്ത്രി നടിയുമായി സെൽഫിയെടുത്ത് ആഘോഷിക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി.

കുട്ടികളുടെ അവകാശം സംബന്ധിച്ച്  റായ്‌പൂരിൽ യുനിസെഫും വനിതാ - ശിശുക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് രമൺ സിംഗും യുനിസെഫിന്‍റെ ഇന്ത്യയിലെ സെലിബ്രിറ്റി അംബാസഡർ കരീന കപൂറും തമ്മിലുള്ള സെല്‍ഫി വിവാദമായത്. കരീനയുമൊത്തുള്ള സെല്‍ഫി മുഖ്യമന്ത്രി പകര്‍ത്തിയത് മാധ്യമങ്ങള്‍ പകര്‍ത്തുകയും ചിത്രം വിവാദമാകുകയും ചെയ്‌തതോടെയുമാണ് മുഖ്യമന്ത്രി പുലിവാല് പിടിച്ചത്.

എന്നാൽ, പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളുടെയും അഥിതികളുടെയും ചിത്രങ്ങളാണ് മുഖ്യമന്ത്രി മൊബൈൽ ഫോണിൽ പകർത്തിയതെന്ന വിശദീകരണമാണ് സർക്കാറിന്‍റെ ഉന്നതതല ഉദ്യോഗസ്ഥർ നൽകിയത്. സംഭവത്തെകുറിച്ച് മുഖ്യമന്തിയോ കരീന കപൂറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക