സെക്കൻ്റ് ഹാൻഡ് വാഹനവിപണിക്ക് നിയന്ത്രണം വരുന്നു: ഇക്കാര്യങ്ങൾ അറിയാം

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (20:53 IST)
ഉപയോഗിച്ച വാഹനങ്ങളുടെ വില്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് നിയന്ത്രണങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. വാഹന പുനര്‍വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കണമെന്നാണ് കരട് മാർഗനിർദേശങ്ങളിലെ പ്രധാന നിർദേശം.
 
ഇത്തരം സ്ഥാപനങ്ങൾ ഒരു വാഹനം വിൽക്കുമ്പോൾ അതാത് സംസ്ഥാനത്തെ ഗതാഗത വകുപ്പിനെ വിവരം അറിയിക്കണം. തുടര്‍ന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റിനല്‍കേണ്ട ചുമതലയും ഇവരുടേതായിരിക്കും.
 
വാഹനകൈമാറ്റം കൃത്യമായി രേഖപ്പെടുത്താനും ഇടപാടുകൾ സുതാര്യമാക്കാനും ഇത് സഹായിക്കും. പഴയ വാഹനങ്ങൾ വാങ്ങുന്ന വനിതകളുടെ എണ്ണം ഉയരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. വാഹനനിർമാതാക്കളടക്കം ഈ മേഖലയിലേക്ക് കടന്നുവന്നെങ്കിലും പല പല ഡീലര്‍ഷിപ്പുകളിലെയും ഇടപെടലുകള്‍ അത്ര തൃപ്തികരമല്ലെന്ന് ആക്ഷേമുണ്ട്.
 
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്‍പ്പനയ്ക്കുവരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റത്തതുമെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. നിയമം പ്രാബല്യത്തിലായാൽ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ വ്യത്യാസമില്ലാതെ വാഹനപുനര്‍വില്‍പ്പന നടത്തുന്നവരെല്ലാം രജിസ്‌ട്രേഷനെടുക്കേണ്ടിവരും. ചട്ടങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍