‘പരിശോധനയ്‌ക്കായി നഗ്നരാക്കും, സ്വകാര്യഭാഗങ്ങളില്‍ സ്‌പര്‍ശിക്കും, പാഡുകൾ ഉപയോഗിക്കുന്നതിലും വിലക്ക്’; പ്രതിഷേധവുമായി എയർ ഹോസ്റ്റസുമാർ

ശനി, 31 മാര്‍ച്ച് 2018 (14:05 IST)
വിമാനത്തില്‍ നിന്നും പണം മോഷണം നടത്തുകയാണെന്ന് ആരോപിച്ച് സ്പൈസ്ജെറ്റ് അധികൃതര്‍ നഗ്നരാക്കി പരിശോധന നടത്തിയെന്ന പരാതിയുമായി എയർ ഹോസ്റ്റസുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരുകൂട്ടം ജീവനക്കാര്‍  നൽകിയ പരാതി പഠിച്ച് നടപടി സ്വീകരിക്കാന്‍ തിങ്കളാഴ്ച മാനേജ്‌മെറ്റ് ഉന്നതതല യോഗം ചേരും.

ശനിയാഴ്ച രാവിലെ എയർ ഹോസ്റ്റസുമാർ ചെന്നൈ വിമാനത്താവളത്തിൽ പ്രതിഷേധം നടത്തുന്നതിന്റെ ദൃശ്യങ്ങൾ എൻഡിടിവി പുറത്തു വിട്ടതോടെയാണ് വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്.

പരാതി നല്‍കാന്‍ എത്തിയ എയർ ഹോസ്റ്റസുമാർ നടപടി വേണമെന്ന വാദം ശക്തമാക്കിയതോടെ സ്പൈസ്ജെറ്റിന്റെ രണ്ടു സർവീസുകൾ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ഒരു മണിക്കൂറോളം വൈകിയാണു പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച മാനേജ്‌മെറ്റ് ഉന്നതതല യോഗം ചേരുമെന്ന് അറിയിച്ചതോടെയാണ് ജീവനക്കാർ പ്രതിഷേധം അവസാനിപ്പിച്ചത്.

വിമാനത്തിൽ നിന്നു ഭക്ഷണത്തിനും മറ്റുമായി ശേഖരിക്കുന്ന പണം കാബിൻ ക്രൂ മോഷ്ടിക്കുകയാണെന്ന് ആരോപിച്ച്സ്പൈസ്ജെറ്റിന്റെ സ ുരക്ഷാവിഭാഗം തങ്ങളെ നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് എയർ ഹോസ്റ്റസുമാർ വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു കൂട്ടം വനിതാ ജീവനക്കാര്‍ വിമാനമിറങ്ങിക്കഴിയുമ്പോള്‍ തന്നെ പരിശോധനയ്‌ക്കെത്തും. മോശമായ രീതിയിലാണ് ഇവരുടെ പെരുമാറ്റം. സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു പരിശോധന നടത്തുകയും സാനിറ്ററി പാഡുകൾ ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വാഷ് റൂം ഉപയോഗിക്കാന്‍ പോലും സുരക്ഷാവിഭാഗം സമ്മതിക്കുന്നില്ലെന്നും എയർ ഹോസ്റ്റസുമാർ പറയുന്നു.

സുരക്ഷാവിഭാഗം ജീവനക്കാരുടെ പെരുമാറ്റം അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. വിമാനമിറങ്ങിക്കഴിഞ്ഞാലുടൻ വാഷ് റൂം ഉപയോഗിക്കാന്‍ പോലും പാടില്ല എന്ന നയം എങ്ങനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും കാബിൻ ക്രൂ ചോദിക്കുന്നു.

അതേസമയം, വിമാനമിറങ്ങിയാലുടൻ കാബിൻ ക്രൂവിനെ പരിശോധിക്കുക എന്നത് കമ്പനി നയമാണെന്നും ചിലയിടത്തു നടത്തിയ പരിശോധനയില്‍ മോഷണം നടത്തിയവരെ പിടികൂടിയിട്ടുണ്ടെന്നും സ്പൈസ്ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. എൻഡിടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍