കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി പാകിസ്താൻ പിന്തുണയുള്ള ഭീകരവാദിയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വാനിയുടെ വധത്തിനു മുമ്പ് മേഖലയിലെ സ്ഥിതി കുറച്ചുകൂടി ശാന്തമായിരുന്നു. എന്നാൽ ഈ വധം കൊണ്ടാണ് സ്ഥിതിഗതികൾ മോശമായതെന്നു കരുതുന്നില്ല. പാകിസ്ഥാനാണ് കശ്മീരിൽ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ അക്രമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്‍ ആണ്. കശ്മീരിലെ പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് ഗണും ജലപീരങ്കിയും ഉപയോഗിക്കുന്നത് പരിശോധിക്കും. കശ്മീരിലെ ജനങ്ങളോട് സഹതാപമുണ്ടെന്നും എന്നാൽ തീവ്രവാദികൾക്കു നേരെ ബലപ്രയോഗം നടത്തുക തന്നെ ചെയ്യും. പ്രതിഷേധക്കാര്‍ക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിക്കരുതെന്നും സേനയെ ഉപയോഗിക്കുന്നതിൽ പരമാവധി സംയമനം പാലിക്കണമെന്നും കശ്മീർ മുഖ്യമന്ത്രിയോടും സൈനിക മേധാവികളോടും ആവശ്യപ്പെട്ടിരുന്നെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പാകിസ്ഥാൻ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പാകിസ്ഥാന്‍ ഇന്ത്യയുമായി പലതവണ യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും ജയിക്കാനായില്ല. അതിനാലാണ് ഭീകരതയെന്ന തന്ത്രം അവർ സ്വീകരിച്ചത്. കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ പാക്കിസ്ഥാനാണെന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു.