റെയില്‍വേ യാത്രക്കാരുടെ സഹായത്തിനായി പ്രവർത്തിക്കുന്ന കൂലികളുടെ വേഷവിധാനത്തിലും പേരിലും മാറ്റം വരുത്തുമെന്ന റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ബജറ്റിലെ പ്രഖ്യാപനത്തില്‍ നിരാശ പ്രകടിപ്പിച്ച് തൊഴിലാളികള്‍. ഇനി മുതൽ ‘സഹായക്’ എന്ന പേരില്‍ അറിയപ്പെടുമെന്നതിന് പുറമെ ബജറ്റിലുണ്ടായ ചില നിര്‍ദേശങ്ങളില്‍ അസംതൃപ്‌തി പ്രകടിപ്പിച്ചുമാണ് കൂലികള്‍ രംഗത്തു വന്നത്.
യാത്രക്കാർക്ക് മികച്ച സൗകര്യം നല്‍കുകയാണ് റെയിൽവേയുടെ ലക്ഷ്യം. അതിനായി കൂലികൾക്ക് ഉപയോഗിക്കാന്‍ ലഗേജ് ട്രോളിയുടെ സഹായം ലഭ്യമാക്കും. യൂണിഫോമില്‍ മാറ്റം വരുത്തുമെന്നും അതിനൊപ്പം ഇനി കൂലികള്‍ എന്ന പേരിന് പകരമായി അവര്‍ സഹായക് എന്ന പേരില്‍ അറിയപ്പെടുമെന്നുമാണ് ബജറ്റില്‍ മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ട്രോളികള്‍ വന്നാല്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ സമയത്ത് കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അത്തരം സാഹചര്യങ്ങളില്‍ തങ്ങളെ കുറ്റം പറയരുതെന്നുമാണ് കൂലികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബജറ്റ് യൂണിഫോമിന്റെ കാര്യത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. റെയിൽവെയുടെ ഗ്രൂപ്പ് ഡിയിലെക്ക് കൂലികളെ ഉയർത്തുക, ദേശീയ ശുചീകരണ കമ്മീഷനിലേക്ക് അംഗത്വം നൽകുക, പെൻഷനും ആരോഗ്യ പ്രശ്നങ്ങൾക്ക് ആനുകൂല്യവും നൽകുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്നും കൂലികള്‍ വ്യക്തമാക്കി. ഒരു രൂപയ്ക്ക് ഒരു യാത്ര എന്ന രീതിയിൽ ആരംഭിച്ച ജോലി ഇപ്പോൾ 40 കിലോഗ്രാമിനു വെറും 60 രൂപയാണ് ലഭിക്കുന്നത്. ഈ സാഹചര്യം മാറേണ്ട സമയം കഴിഞ്ഞുവെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ചുവന്ന ഷര്‍ട്ടും വെള്ള പൈജാമയും തലക്കെട്ടും തങ്ങളോട് ചേര്‍ന്നു നിന്ന വേഷമായിരുന്നു. ഇത് മനുഷ്യന്റെ നിറമാണെന്നും ഈ യൂണിഫോം ഞങ്ങൾക്ക് ശക്തി പകരുന്നതായിരുന്നുവെന്നും കൂലികള്‍ പറഞ്ഞു. കൂലികൾ റെയിൽവെയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണെന്നും അവരുടെ വേഷം ഇനി മുതൽ അമിതാഭ് ബച്ചന്റെ പ്രശസ്തമായ സഹായകിലെ കഥാപാത്രത്തിനു തുല്യം വേഷവിധാനം ചെയ്യുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.