അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ബില്ലിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.
മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.