ബോക്കോ ഹറാം ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനൊരുങ്ങുന്നു!!!

Webdunia
വ്യാഴം, 31 ജൂലൈ 2014 (18:13 IST)
നൈജീരിയന്‍ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.  ബോക്കോ ഹറാമിനെ മറയാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നത് ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാവൂദ് സംഘാംഗങ്ങളില്‍ മിക്കവരും ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായതിനാലാണ് ഡി കമ്പനി പുതിയ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചതെന്ന് കരുതുന്നു. നിലവില്‍ രാജ്യത്തുള്ള രണ്ടായിരത്തോളം വരുന്ന നൈജീരിയന്‍ വംശജരെ ഇക്കാര്യത്തിനായിനുപയോഗിക്കാനാണ് ബോക്കോ ഹറാം ഉദ്ദേശിക്കുന്നത്.

രാജ്യത്ത് ഇപ്പോഴുള്ള നൈജീരിയക്കാര്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി താമസിക്കുന്നവരാണ്. കൂടുതലായും ഗോവ , മുംബൈ നഗരങ്ങളിലാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. നിലവില്‍ ഇവരില്‍ പലരും മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരില്‍ പൊലീസ് നിരീക്ഷണത്തില്‍ ഉള്ളവരാണ്. എന്നാല്‍ സര്‍ക്കാരിന്റെ കൈവശം ഇവരേക്കുറിച്ച് കൃത്യമായ രേഖകളില്ലാത്തത് സുരക്ഷാ ഏജന്‍സികളെ കുഴക്കുന്നുണ്ട്.

നഗരങ്ങളില്‍ മയക്കുമരുന്നിന്റെ ചെറുകിട കച്ചവടം ചെയ്യുന്ന നൈജീരിയന്‍ സ്വദേശികളെ ഒരു കുടക്കീഴിലാക്കി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും നൈജീരിയന്‍ ഭീകര സംഘടനയായ ബോക്കോ ഹറാമും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഇതിനായി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം നൈജീരിയയിലെത്തി ബോക്കോ ഹറം നേതാവ് അബൂബക്കര്‍ ഷെക്കാവുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് കടത്താനുള്ള മയക്ക് മരുന്ന് അല്‍ ഖൊയ്ദയാണ് ഡി കമ്പനിക്ക് നല്‍കിയതെന്നും പകരമായി ആയുധങ്ങളും പണവും ഡി കമ്പനി നല്‍കിയതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

അല്‍ഖൊയ്ദയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് ബോക്കോ ഹറാം. അടുത്തയിടെ മുന്നൂറോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതോടെയാണ് ഈ സംഘടന ലോകശ്രദ്ധയില്‍ എത്തുന്നത്. വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ ബോക്കോ ഹറാം അവരെ ഇതുവരെയും വിട്ടയച്ചിട്ടില്ല.