രാജ്യത്ത് നോട്ട് പ്രതിസന്ധി തുടരവേ കവർച്ചാസംഘങ്ങളും വ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലെ ബാങ്കിൽ 1.15 കോടി രൂപയുടെ കവർച്ച. ഒഡീഷയിലെ ദെൻകാനലിലെ ഒഡീഷ ഗ്രാമ്യ ബാങ്കിൽ നിന്നുമാണ് 1.15 കോടി രൂപ കൊള്ളയടിക്കപ്പെട്ടത്. അസാധുവായ 500,1000 രൂപാ നോട്ടുകളാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്.
ശനിയും ഞായറും ബാങ്ക് അവധിയായിരുന്നു. ഈ സമയത്താണ് കൊള്ള നടന്നിരിക്കുന്നത്. തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് സ്ട്രോങ് റൂമിലെ പണം സൂക്ഷിച്ച പെട്ടി കുത്തിതുറന്നതായി കണ്ടെത്തിയത്. ജനങ്ങളിൽ നിന്നും ശേഖരിച്ച അസാധുവായ നോട്ടുകൾ സ്ട്രോങ്റൂമിൽ നാലു ഇരുമ്പുപെട്ടികളിലായാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ നിന്നും 1.15 കോടി രൂപയാണ് നഷ്ടമായിരിക്കുന്നതെന്നത് പൊലീസിന് സംശയമുളവാക്കുന്നു. കവർച്ചയിൽ ബാങ്ക് ജീവനക്കാരുടെ പങ്ക് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
8.85 കോടിയുടെ നിക്ഷേപമാണ് ബാങ്കിൽ ഉള്ളത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ചില ശാഖകൾക്ക് പണം സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. പണം സൂക്ഷിക്കുന്നുണ്ടെങ്കിൽ പൊലീസ് സുരക്ഷ ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, ഇത്രയും പണം സൂക്ഷിച്ചിട്ടും ബാങ്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. അസാധു നോട്ടുകൾ ശേഖരിച്ചത് ഭുവനേശ്വരിലുള്ള ബാങ്കിന്റെ പ്രധാന ശാഖയിലേക്ക് മാറ്റാനിരിക്കെയാണ് കവർച്ച നടന്നിരിക്കുന്നത്.