മോഷ്ടിച്ചത് 1.14 കോടി; നഷ്ടപ്പെട്ടത് 50,000 രൂപ മാത്രമെന്ന് ബിജെപി എം‌പി!

ബുധന്‍, 9 ജൂലൈ 2014 (12:20 IST)
ബിഹാറില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും തെരഞ്ഞെടുപ്പ് കാലത്ത് വിവാദ പ്രസംഗത്തിലൂടെ ശ്രദ്ധനേടിയ നേതാവുമായ ഗിരിരാജ് സിംഗിന്റെ വീട്ടില്‍നടന്ന മോഷണവും വിവാദത്തില്‍. 50,000 രൂപ നഷ്ടപ്പെട്ടുവെന്ന് ഗിരിരാജ് രാജ് സിംഗ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മോഷ്ടാക്കളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കളുടെ കണക്ക് കണ്ടാല്‍ കണ്ണുതള്ളും.  1.14 കോടി രൂപ, 600 യുഎസ് ഡോളര്‍, രണ്ടു സ്വര്‍ണ ചെയിനുകള്‍, സ്വര്‍ണക്കമ്മല്‍, സ്വര്‍ണ ലോക്കറ്റ്, മൂന്ന് സ്വര്‍ണ മോതിരങ്ങള്‍, 14 വെള്ളി നാണയങ്ങള്‍, ഏഴ് ആഡംബര വാച്ചുകള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഇവയെല്ലാം ഗിരിരാജിന്റെ വെസ്റ്റ് പട്‌നയിലെ ബോറിംഗ് റോഡിലുള്ള വീട്ടില്‍ നിന്നു മോഷ്ടിച്ചതാണെന്ന് മോഷ്ടാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവ സമ്മതിച്ചു കൊടുക്കാന്‍ എം‌പി തയാറായിട്ടില്ലെന്നതാണ് രസകരം. ചൊവ്വാഴ്ച രാത്രി മുതല്‍ സിംഗിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് അറിയിച്ചു.
 
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മോഷണം നടന്നത്. പോലീസ് പരിശോധന ശക്തമാക്കിയതോടെ മോഷണമുതലുമായി ഓട്ടോറിക്ഷയില്‍ കടക്കാന്‍ ശ്രമിച്ച ദിനേശ് കുമാര്‍ എന്നയാള്‍ പിടിയിലായി. എംപിയുടെ അംഗരക്ഷകന്‍ രൂപ്കമാല്‍, ഗാര്‍ഡ് ധീരേന്ദ്ര, ജോലിക്കാരന്‍ ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്നാണ് മോഷണത്തിന് പദ്ധതിയിട്ടതെന്നും ഇവരും കസ്റ്റഡിയിലായതായും പട്‌ന പോലീസ് സൂപ്രണ്ട് മനു മഹാരാജ് അറിയിച്ചു. 15 ദിവസം മുന്‍പ് ഇവര്‍ മോഷണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു.
 
തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്കെതിശര വര്‍ഗീയ പരാമര്‍ശം നടത്തിയും മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന പ്രസ്താവനയുടെ പേരിലും നിയമനടപടി നേരിട്ടയാളാണ് ഗിരിരാജ്. അനധികൃതമായി പണം കണ്ടെത്തിയ സംഭവത്തില്‍ ബിഹാര്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍കം ടാക്‌സ് വിഭാഗവും പരിശോധന ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക