ബൈക്ക് കാറിൽ ഇടിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രികനെ അടിച്ചു കൊന്നു. ഞായറാഴ്ച അര്‍ദ്ധരാത്രി ഡല്‍ഹിയില്‍ ദര്യാഗഞ്ജിലെ തുര്‍ക്ക്മാന്‍ ഗേറ്റിലായിരുന്നു സംഭവം. ഷാനവാസ്(38) ആണ് മരിച്ചത്.
രണ്ടു കുട്ടികളുമായി വരുകയായിരുന്ന ഷാനവാസിന്റെ ബൈക്ക് ഒരു ഐ20 കാറുമായി കൂട്ടിമുട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് കാറിലുള്ളവർ കുപിതരാവുകയും ഷാനവാസിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കടിയേറ്റ് ബോധരഹിതനായി വീണ ഷാനവാസിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയതോടെ അക്രമികളെ പിടി കൂടുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. അക്രമികളേക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങളും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഷാനവാസിനെ ഉപദ്രവിച്ചവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പരമാദിത്യ പറഞ്ഞു.