ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാ പരിവാര്‍ ലയനം ഉണ്ടാക്കാന്‍ പോകുന്ന തിരിച്ചടി മുന്നില്‍ കണ്ട് സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ ബിജെപി പടയൊരുക്കം തുടങ്ങി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തഴേത്തട്ടില്‍ എത്തിക്കുന്നതിനും അടിസ്ഥാന തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ഉണര്‍ത്തുന്നതിനുമായി പാര്‍ട്ടി കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സൗധന്‍ സിംഗ് എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബിഹാറിലും ഉത്തര്‍പ്രദേശിലും പയറ്റിയ തന്ത്രം തന്നെ ഇത്തവണയും പരീക്ഷിക്കാനാണ് ബിജെപി നീക്കം. ജനതാപരിവാര്‍ ലയനം നടന്നാല്‍ ബിജെപിയ്ക്ക് കൂടുതല്‍ പ്രയത്‌നിക്കേണ്ടിവരുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. ഇത് മുന്‍കൂട്ടികണ്ടാണ് മുന്നോരുക്കം നേരത്തെ തന്നെ തുടങ്ങിയിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, സീറ്റ് വിഭജനം തുടങ്ങിയ നിര്‍ണായ തീരുമാനങ്ങള്‍ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാവും സ്വീകരിക്കുക.
എന്നാല്‍ നിലവില്‍ പ്രതിയോഗികളായ ജനതാ പരിവാര്‍ പാര്‍ട്ടികള്‍ സീറ്റ് വിഭജനം, ലയനം തുടങ്ങിയ സംബന്ധിച്ച് കാര്യങ്ങള്‍ ഇനിയും വ്യക്തത വരുത്താത്തതിനാല്‍ തെരഞ്ഞെടുപ്പിനെ ഇവര്‍ എങ്ങനെ നേരിടുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.