‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടവര്‍ നിരായുധര്‍ ആയിരുന്നു; വിശദീകരണവുമായി മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍

ബുധന്‍, 2 നവം‌ബര്‍ 2016 (18:21 IST)
ഭോപ്പാലില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും നിരായുധര്‍ ആയിരുന്നെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവന്‍ സഞ്ജീവ് ഷാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊടും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുന്നതും ജീവനെടുക്കുന്നതും നിയമപ്രകാരം തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു.
 
ആയുധമില്ലാത്ത കുറ്റവാളികളെ കീഴ്പ്പെടുത്താന്‍ പൊലീസിന് അനുമതിയുണ്ടെന്നും അതുകൊണ്ടു തന്നെ ഇത്തരം ആക്രമണങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവന്‍ വ്യക്തമാക്കി. 
 
സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ തന്നെ അവര്‍ നിരായുധരായിരുന്നെന്ന് തനിക്ക് അറിയാമായിരുന്നു. എന്നാല്‍, പിന്നീട് പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അതിനെതിരായി പറഞ്ഞിരിക്കുന്നു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ നിരായുധരാണെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും സഞ്ജീവ് ഷമി പറഞ്ഞു.
 
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനോടും മധ്യപ്രദേശ് സര്‍ക്കാറിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക