ലിംഗായത്തുകളെ പിണക്കാതെ ബിജെപി, ബസവരാജ് ബൊമ്മെ ഇനി കർണാടക മുഖ്യമന്ത്രി

ബുധന്‍, 28 ജൂലൈ 2021 (14:44 IST)
കർണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് സോമപ്പ ബൊമ്മെ സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌വ്ഹവനിൽ നടന്ന ചടങ്ങിൽ ഗവർണർ തവർചന്ദ് ‌ഗെഹ്ലോട്ടാണ് സത്യവാചകം ചൊല്ലിനൽകിയത്.
 
അതേസമയം രാഷ്ട്രീയ പാരമ്പരത്തിനൊപ്പം സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് ബിജെപിയുടെ രാഷ്ട്രീയതീരുമാനം. ജാട്ടുകൾക്ക് സ്വാധീനമുള്ള ഹരിയാനയിൽ ആദ്യമായി ജാട്ട് ഇതര മുഖ്യമന്ത്രിയെ നിയോഗിച്ചതുപോലെയോ ജാർഖണ്ഡിൽ രഘു ബർ ദാസിനെ തെരഞ്ഞെടുത്തതുപോലെയോ ഒരു പരീക്ഷണത്തിന് മുതിരാതെ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളയാളെയാണ് ബിജെപി മുഖ്യമന്ത്രിയായി തിരെഞ്ഞെടുത്തത്.
 
ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ കർണാടകയിൽ ലിംഗായത്തുകളെ പിണക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം. നേരത്തെ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ ബിജെപി വലിയ വില നൽകേണ്ടി വരുമെന്ന് ലിംഗായത്തുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. യെഡിയൂരപ്പയുമായി അടുത്ത അടുപ്പമുള്ള വ്യക്തി കൂടിയാണ് ബസവരാജ്.
 
ബിജെപിയ്ക്ക് പിന്നിൽ കർണാടകയിൽ ഏറെകാലമായി നിലയുറപ്പിച്ച സമുദായമാണ്ണ ലിംഗായത്തുകാർ. കോൺഗ്രസുമായി ഏറെ അടുപ്പമുണ്ടായിരുന്ന ലിംഗായത്തുകാർ അയോധ്യ രഥ യാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് കോൺഗ്രസിൽ നിന്നും അകന്നത്. പിന്നീട് ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായി ലിംഗായത്ത് സമുദായം മാറുകയായിരുന്നു.
 
എന്നാൽ 2013 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി തെറ്റിപിരിഞ്ഞു യെഡിയൂരപ്പ കർണാടക ജനത പക്ഷ എന്ന പാർട്ടി രൂപികരിച്ചിരുന്നു. വലിയ നേട്ടം യെഡിയൂരപ്പ്യ്ക്ക് ഉണ്ടാക്കാൻ ആയില്ലെങ്കിലും . ലിംഗായത്ത് വോട്ടുകൾ ഭിന്നിപ്പിക്കപ്പെട്ടത്തോടെ 2008ൽ 110 സീറ്റ്‌ ഉണ്ടായിരുന്ന ബിജെപി 40ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിനെ തുടർന്നാണ് 2014 ലോക്സഭ തെരരെഞ്ഞെടുപ്പിന് മുൻപേ പിണക്കം മറന്ന് യെഡിയൂരപ്പയെ ബിജെപി തിരികെ എത്തിച്ചത്. അതിനാൽ തന്നെ ശക്തമായ വോട്ട് ബാങ്കിനെ പിണക്കാതെയാണ് ഇത്തവണ ബിജെപി തീരുമാനം കൈകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍