മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനമാണ് അര്‍ണബ് ഗോസ്വാമിയെന്ന് എന്‍ ഡി ടി വി കണ്‍സള്‍ട്ടന്റ് എഡിറ്ററും അര്‍ണബിന്റെ മുന്‍കാല സഹപ്രവര്‍ത്തകയുമായ ബര്‍ക്ക ദത്ത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ബര്‍ക്ക ദത്ത് നിലപാട് വ്യക്തമാക്കിയത്. അര്‍ണാബിന്റെ നിലപാടുകളെ എന്നെങ്കിലും അംഗീകരിക്കേണ്ടി വന്നാല്‍ അത് സ്വയം കൊല്ലുന്നതിന് തുല്യമാണെന്നും ബര്‍ക്ക ദത്ത് വ്യക്തമാക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനും മാധ്യമങ്ങളുടെ വായ അടച്ചുപൂട്ടാനുമാണ് ടൈംസ് നൌ ചാനല്‍ ശ്രമിക്കുന്നത്. അര്‍ണബിനെ പോലെയുള്ളവര്‍ക്കൊപ്പം ഈ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ അപമാനം തോന്നുന്നെന്നും ഇത്ര ഭീരുത്വം നിറഞ്ഞതും നാണം കെട്ടതുമായ അര്‍ണാബിന്റെ വ്യക്തിത്വത്തില്‍ ആകര്‍ഷകമായി എന്താണ് ഉള്ളതെന്നും ബര്‍ക്ക ചോദിക്കുന്നു.
പാക് അനുകൂല നിലപാടുകള്‍ ഉള്ളവരെ കടന്നാക്രമിക്കുന്ന അര്‍ണബ് പാകിസ്ഥാനുമായും ഹുറിയത്ത് കോണ്‍ഫറന്‍സുമായും ചര്‍ച്ചകള്‍ നടത്തുന്ന ജമ്മു കശ്‌മീരിലെ ബി ജെ പി - പിഡി പി സഖ്യത്തെക്കുറിച്ച് മൌനിയാകുന്നത് എന്തുകൊണ്ടാണ്? താനൊരു തൊട്ടാവാടിയല്ലെന്നും അര്‍ണബിനെ ബര്‍ക്ക ദത്ത് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
തന്റെ പേര് പ്രത്യക്ഷമായും പരോക്ഷമായും ഷോയിലേക്ക് വലിച്ചിട്ടിട്ട് കാര്യമില്ലെന്നും അഭിപ്രായങ്ങള്‍ വകവെയ്ക്കുന്നില്ലെന്നും വ്യക്തമാക്കുന്ന ബര്‍ക്ക അര്‍ണബ് വെറുക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ വക്തവായിരിക്കും എന്നും താനെന്നും പറയുന്നു.
ഏതെങ്കിലുമൊരു വിഷയത്തില്‍ അര്‍ണബിന്റെ നിലപാടുകളെ അംഗീകരിക്കേണ്ടി വന്നാല്‍ അത് സ്വയം കൊല്ലുന്നതിന് തുല്യമായിരിക്കുമെന്നും ബര്‍ക്ക പോസ്റ്റില്‍ വ്യക്തമാക്കുന്നു. കപട മതേതര - പാക് അനുകൂല നിലപാടുകളുള്ള മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ജൂലൈ 26ന് നടന്ന ന്യൂസ് ഔവര്‍ ചര്‍ച്ചയ്ക്കിടെ അര്‍ണാബ് ഗോസ്വാമി പറഞ്ഞിരുന്നു. ബര്‍ക്കയുടെ പ്രകോപനത്തിന് ഇതാകാം കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.