ചരിത്രമെഴുതി ഹാസൻ. ദളിതർക്ക് അയിത്തമുണ്ടെന്നാരോപിച്ച് കാലങ്ങളായി അവർക്ക് മുന്നിൽ അടഞ്ഞിരുന്ന വാതിൽ തുറക്കപ്പെട്ടു. ഹാസൻ ഹൊലേനരസിപ്പുഴയിലെ സിംഗരനഹള്ളി ഗ്രാമത്തിലാണ് ചരിത്രം തിരുത്തി എഴുതിയ സംഭവം നടന്നത്.
ഗ്രാമത്തിലെ ബസവേശ്വര ക്ഷേത്രത്തിൽ കീഴ്ജാതിക്കാരെ പ്രവേശിപ്പിക്കരുതെന്ന മേൽജാതിക്കാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണീ തീരുമാനം. കീഴ്ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശ്ശിച്ചാൽ അയിത്തമാകുമെന്ന് ആരോപിച്ച് ക്ഷേത്രം കുറച്ചുനാളായി അടഞ്ഞ് കിടക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ദളിതരുടെ ക്ഷേത്ര പ്രവേശനം.
ക്ഷേത്രത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹാളിൽ ദളിതർ നേരെത്തേ പ്രവേശിച്ചിരുന്നു. ക്ഷേത്ര പ്രവേശനം നിഷേധിച്ചപ്പോഴെല്ലാം ഇവിടെ സംഘർഷം പൊട്ടിപുറപ്പെട്ടിരുന്നു. ഇതിനെതുടർന്ന് അവർ സമരമാരംഭിക്കുകയും നിയമപരമായി നീങ്ങുകയും ചെയ്തു.
ഇതിനെതുടർന്ന് ക്ഷേത്രഭരണം ജില്ലാഭരണകൂടം ഏറ്റെടുത്തു. ദളിത് വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പൂജ നടത്തി. മേൽജാതിക്കാർ വിട്ടുനിന്നു. ജില്ലാ കമ്മീഷണറുടേയും തഹസിൽദാറിന്റേയും സാന്നിധ്യത്തിലായിരുന്നു ഇത്. പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു.