വോട്ടു പിടിക്കാനുള്ള തന്ത്രങ്ങള്‍ മദ്യമായും കള്ളപ്പണമായും; പഞ്ചാബില്‍ വോട്ട് പിടിക്കുന്നത് മയക്കുമരുന്നില്‍ തുടങ്ങി

ബുധന്‍, 18 ജനുവരി 2017 (16:42 IST)
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജാഗ്രതയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ ചെലവഴിക്കുന്ന തുകകള്‍ നിരീക്ഷിക്കാന്‍ കമ്മീഷന്‍ നിയോഗിച്ച കമ്മിറ്റി ഇതുവരെ പിടിച്ചെടുത്തത് 64 കോടി രൂപയുടെ കള്ളപ്പണം. ഇതില്‍ ഉത്തര്‍പ്രദേശില്‍ നിന്നു മാത്രം പിടിച്ചെടുത്തത് 56.04 കോടി രൂപയാണ്.
 
പണത്തിനു പുറമേ മദ്യവും ലഹരിവസ്തുക്കളും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി പിടിച്ചെടുത്തു. ഏകദേശം എട്ടു കോടിയോളം രൂപ വിലമതിക്കുന്ന മദ്യവും ലഹരിവസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഏറ്റവും കൂടുതല്‍ മയക്കുമരുന്നുകള്‍ കണ്ടെടുത്തത് പഞ്ചാബില്‍ നിന്നാണ്. ഹെറോയിനും പോപ്പി ഹസ്‌കും അടക്കം ഏകദേശം 1.78 കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. ഗോവയില്‍ നിന്ന് 16.72 ലക്ഷം രൂപയുടെയും മണിപ്പൂരില്‍ നിന്ന് ഏഴു ലക്ഷം രൂപയുടെയും മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്.
 
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന കള്ളപ്പണവും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും കണ്ടെത്താനായി 200 ഓളം നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിരിക്കുന്നത്. ഫെബ്രുവരി നാലുമുതല്‍ മാര്‍ച്ച് എട്ടു വരെയാണ് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വെബ്ദുനിയ വായിക്കുക