അസ്സമില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആര്‍എസ്‌എസ് തന്നെ വിലക്കിയെന്ന് രാഹുല്‍ ഗാന്ധി

തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (14:12 IST)
അസ്സമില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആര്‍ എസ് എസ് തന്നെ വിലക്കിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അസ്സമിലെ ബാര്‍പേട്ടയിലുള്ള ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് തന്നെ വിലക്കിയത്. ബി ജെ പിയുടെ ഈ രീതിയിലുള്ള രാഷ്‌ട്രീയം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 
പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. അസ്സമില്‍ പോയപ്പോള്‍ ബാര്‍പേട്ട ജില്ലയിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ അവിടെ പ്രവേശിക്കുന്നതില്‍ നിന്ന് ആര്‍ എസ് എസ് തന്നെ വിലക്കുകയായിരുന്നെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ വിലക്കാന്‍ അവര്‍ ആരാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
 
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു രാഹുല്‍ ഗാന്ധി ബാര്‍പേട്ടയിലെ ക്ഷേത്രത്തില്‍ എത്തിയത്. അതേസമയം, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വൈകുന്നേരം പോയതിനു ശേഷം താന്‍ ക്ഷേത്രം സന്ദര്‍ശിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, ബി ജെ പിയും ആര്‍ എസ് എസും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു രാഹുലിനെ വിലക്കിയതെന്ന് അസ്സം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക