അരുൺ ജെയ്‌റ്റ്‌ലിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് 2.30ന് നിഗംബോധ്‌ഘട്ടിൽ

ഞായര്‍, 25 ഓഗസ്റ്റ് 2019 (10:29 IST)
അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‍‍ലിയുടെ സംസ്കാരം ഇന്ന് നടക്കും. ഡൽഹിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ നിരവധിയാളുകൾ ആദരാഞ്ജലിയർപ്പിച്ചു. വസതിയിലെ പൊതു ദർശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെയാണ് ഇവിടെ പൊതു ദർശനം നിശ്ചയിച്ചിട്ടുള്ളത്.
 
പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജെയ്റ്റ്‍‍ലിക്ക് യാത്രയയപ്പ് നൽകുക. വൈകിട്ട് നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. വിദേശ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദർശനം തുടരണമെന്നായിരുന്നു ജെയ്റ്റ്‍‍ലിയുടെ കുടുംബം അഭ്യർത്ഥിച്ചത്. അതിനാൽ മോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കില്ല.
 
വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്‍‍ലി ഇന്നലെ ഉച്ചയ്ക്ക് ഡൽഹി എയിംസില്‍ വച്ചാണ് അന്തരിച്ചത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജെയ്റ്റ്‍‍ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍