ആശുപത്രിയുടെ മറവിൽ വൃക്ക വ്യാപാരം, അഞ്ചുപേർ പൊലീസ് പിടിയിൽ

ശനി, 4 ജൂണ്‍ 2016 (14:59 IST)
ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുടെ മറവിൽ വൃക്ക വ്യാപാരം നടത്തി വന്നിരുന്ന റാക്കറ്റ് സംഘത്തിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ രണ്ട് പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
ആശുപത്രിയിൽ നിന്നും വ്യാഴാഴ്ച രാത്രി 9 മണിക്കാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ മുതിർന്ന ഡോക്ടറുടെ പേഴ്സണൽ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന സത്യപ്രകാശ്, ശൈലേഷ് എന്നിവരുൾപ്പെടുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
 
ആശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന വൃക്ക വ്യാപാരത്തിൽ 25 മുതൽ 30 ലക്ഷം വരെയാണ് ഇവരുടെ ലാഭം. ഇടനിലക്കാരന് ഒരു ലക്ഷവും വൃക്ക നൽകുന്നയാൾക്ക് 3 -4 ലക്ഷം മാത്രമാണ് ലഭിക്കുക. കഴിഞ്ഞ ആറു മാസമായി ഇവർ നടത്തി വരുന്ന ഇത്തരം അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ തെളിവുകളും വിവരങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി വളഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. 
 
അതേസമയം, ഡോക്ടർമാർക്കോ ആശുപത്രി അധികൃതർക്കോ ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യം തള്ളിക്കളയാനാകില്ല എന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പൊലീസ് പരിശോധിക്കും. സരിത വിഹാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കുറിച്ച് വിശദമായി അന്വേഷിക്കും. 

വെബ്ദുനിയ വായിക്കുക