താമര വിരിയിക്കാന്‍ അമിത് ഷാ കേരളത്തിലെത്തി; കോര്‍ കമ്മിറ്റി യോഗങ്ങള്‍ ആരംഭിച്ചു

വ്യാഴം, 4 ഫെബ്രുവരി 2016 (08:06 IST)
കേരളത്തിലും തമിഴ്‌നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ അമിത് ഷാ കേരളത്തിലെ കോര്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തുന്നു. ആലുവ ഗെസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്‌ച നടക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കൂടാതെ സംസ്ഥാന സംഘടന സെക്രട്ടറി, ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

നേരത്തെ ചേര്‍ന്ന യോഗത്തിന്‍റെ തുടര്‍ച്ചയാണിവ. കേരളത്തിലും തമിഴ്നാട്ടിലും നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക എന്നതാണ് അമിത് ഷായുടെ സന്ദര്‍ശന ലക്ഷ്യം. 11 മണിയോടെയാണ് തമിഴ്നാട് ഘടകത്തിന്റെ യോഗം നടക്കുക. തമിഴ്‌നാട് കോര്‍ കമ്മിറ്റിയില്‍ 14 പേരുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ജെപി നഡ്ഢ, പിഎസ് ഗോയല്‍, എച്ച് രാജ, മുരളീധര്‍ റാവു, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉച്ചയ്ക്ക് ശേഷം 2 മണിക്ക് കുമ്മനം രാജശേഖരന്‍റെ ‘വിമോചന യാത്ര’യോടനുബന്ധിച്ച് കോട്ടയത്ത് സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. കെഎം മാണിയുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്നാണ് സൂചന. ബിഡിജെഎസുമായി ഡല്‍ഹിയില്‍ നടന്ന ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം തുടര്‍ ചര്‍ച്ചകള്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കേരള കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ചും ദേശീയ അധ്യക്ഷന് സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തും.

ബുധനാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ സംസ്ഥാന നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു. തുടർന്ന് ആലുവ ഗെസ്റ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക