നളന്ദ സര്‍വ്വകലാശാലയില്‍ നിന്ന് മോഡി സര്‍ക്കാര്‍ തന്നെ പുറത്താക്കിയെന്ന് അമര്‍ത്യ സെന്‍

ചൊവ്വ, 7 ജൂലൈ 2015 (15:52 IST)
നളന്ദ സര്‍വ്വകലാശാലയില്‍ നിന്ന് തന്നെ നരേന്ദ്ര മോഡി സര്‍ക്കാര്‍ പുറത്താക്കിയെന്ന് നൊബേല്‍ ജേതാവും സാമ്പത്തികവിദഗ്ധനുമായ അമര്‍ത്യ സെന്‍. നളന്ദ സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ആകാനുള്ള സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് അമര്‍ത്യ സെന്‍ വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
 
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള നിയന്ത്രണമാണ് മോഡി സര്‍ക്കാരിന് ആവശ്യം. ഓഗസ്റ്റില്‍ പുറത്തിറങ്ങുന്ന ന്യൂയോര്‍ക്ക് റിവ്യൂ ഓഫ് ബുക്സില്‍ പ്രസിദ്ധപ്പെടുത്താനിരിക്കുന്ന സെന്നിന്റെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 
 
തനിക്കു വേണ്ടി വിദേശികള്‍ അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ രംഗത്തു വന്നിരുന്നെങ്കിലും താന്‍ പുറത്താകുകയായിരുന്നു. നളന്ദ സര്‍വ്വകലാശാല ചാന്‍സലര്‍ പദവിയില്‍ രണ്ടാം തവണയും തുടരാനുള്ള തീരുമാനത്തില്‍നിന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ പിന്‍വാങ്ങി.
 
ചാന്‍സലര്‍ പദവിയില്‍ ഒരു ടേം പൂര്‍ത്തിയാക്കിയ സെന്നിന് ഒരു ടേം കൂടി നല്‍കാന്‍ സര്‍വ്വകലാശാലയുടെ ഗവേണിങ് ബോഡി ജനുവരിയില്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, താന്‍ തുടരുന്നത് നരേന്ദ്ര മോഡി സര്‍ക്കാര്‍ ആഗ്രഹിക്കാത്ത സാഹചര്യത്തില്‍ പിന്‍വാങ്ങുകയാണെന്ന് സര്‍വ്വകലാശാല ഗവേണിങ് ബോഡിക്ക് അയച്ച കത്തില്‍ സെന്‍ വ്യക്തമാക്കിയിരുന്നു.
 
ജൂലൈയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക