Allu Arjun: ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. ഇന്ന് രാവിലെയാണ് താരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ വൈകിട്ട് മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ അല്ലു ജയിലില്‍ ചെലവഴിച്ചു. തെലങ്കാന ഹൈക്കോടതിയാണ് താരത്തിനു ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യത്തിന്റെ പകര്‍പ്പ് ജയില്‍ സൂപ്രണ്ടിനു ലഭിച്ചതിനു പിന്നാലെ താരത്തെ പുറത്തിറക്കി.
ജനുവരി 21 വരെ ഇനി അല്ലുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇടക്കാല ജാമ്യത്തില്‍ പറയുന്നത്. 50,000 രൂപ ഇടക്കാല ജാമ്യത്തുകയായി അല്ലു അര്‍ജുന്‍ കോടതിയില്‍ കെട്ടണം. ജാമ്യം ലഭിച്ചിട്ട് മണിക്കൂറുകള്‍ ആയെങ്കിലും അല്ലുവിനെ ജയില്‍ മോചിതനാക്കാന്‍ വൈകി. ജയിലിനു പുറത്ത് അല്ലു അര്‍ജുന്‍ ആരാധകരുടെ പ്രതിഷേധം നടക്കുന്നതിനാലാണ് രാത്രി റിലീസ് ചെയ്യാതിരുന്നത്. ചഞ്ചല്‍ഗുഡ് ജയില്‍ പരിസരത്ത് അതീവ സുരക്ഷ ഒരുക്കിയ ശേഷമാണ് അല്ലുവിനെ റിലീസ് ചെയ്തത്.
പുഷ്പ 2 റിലീസ് ദിവസം പ്രത്യേക സ്‌ക്രീനിങ് നടന്ന ഹൈദരബാദ് സന്ധ്യ തിയറ്ററില്‍ വെച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ട കേസിലാണ് അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിയറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 39 കാരി രേവതി മരിച്ചത്. അറസ്റ്റിലായ അല്ലു അര്‍ജുനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ ജയിലിലേക്ക് അയച്ചത്.