ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമാണ് മംഗള്‍യാന്‍ എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയും റഷ്യയും യൂറോപ്യന്‍ ഏജന്‍സിയുമാണ് ഇതിനുമുമ്പ് ചൊവ്വാദൗത്യം നേടിയിട്ടുള്ളത്. ആദ്യശ്രമത്തില്‍ ജയിക്കുന്ന ഒരേയൊരു രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി.-സി25 എന്ന റോക്കറ്റിലൂടെ മംഗള്‍യാന്‍ വിക്ഷേപിച്ചത്. അതുമുതല്‍ താത്കാലികപഥത്തില്‍ ഭൂമിയെ വലംവെച്ച പേടകത്തെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കിയത്. 297 ദിവസംകൊണ്ട് സൂര്യനെ പകുതി വലംവെച്ചിരിക്കുകയാണ് പേടകം. ഇപ്പോള്‍ ഇന്ത്യക്ക് ചരിത്രം നേട്ടവും നല്‍കി മംഗള്‍യാന്‍ വിജയപഥത്തിലുമെത്തി.