ആധാറില്ലെങ്കില്‍ പാസ്പോര്‍ട്ടും ഇനി ‘വഴിയാധാര്‍‘

ചൊവ്വ, 11 നവം‌ബര്‍ 2014 (14:32 IST)
പാസ്പോര്‍ട്ട് അപേക്ഷയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കാം തുടങ്ങി. പാസ്പോര്‍ട്ട് നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും പരാതിരഹിതമാക്കാനും ഉദ്ദേശിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്പോര്‍ട്ട് അപേക്ഷയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നല്‍കിയാലും മതിയാകും.

ആധാര്‍ കാര്‍ഡോ, നമ്പറോ ഉണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് അപേക്ഷകന്റെ തിരിച്ചറിയല്‍ നടപടികള്‍ ഏറക്കുറെ എളുപ്പമാകുമെന്ന വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കം. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച വ്യക്തിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ കണ്ടെത്താനുള്ള സംവിധാനം ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രണ്ടു മാസത്തിനകം നിലവില്‍ കൊണ്ടുവരും. ഈ സംവിധാനം ആധാര്‍ നമ്പറിനെ അടിസ്ഥാനമാക്കിയാണ് കൊണ്ടുവരുന്നത്.

അതിനാല്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിനു മുന്‍പായി ബ്യൂറോയുടെ ഡേറ്റാബേസില്‍ നിന്ന് അപേക്ഷകന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ കഴിയും. അപേക്ഷകന്‍ കുറ്റവാളിയല്ലെന്നു ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സാക്ഷ്യപ്പെടുത്തിയാല്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടിക്രമം പൂര്‍ണമാകും. വിദേശ യാത്രയ്ക്കു മുമ്പായുള്ള വെരിഫിക്കേഷന്‍ നടപടികളെ ഇത് കൂടുതല്‍ സുഗമമാക്കും.

പാസ്‌പോര്‍ട്ട് കിട്ടാന്‍ പോലീസ് വെരിഫിക്കേഷനും തുടര്‍ന്നുള്ള കാലതാമസവും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടപടികള്‍ സുതാര്യവും ലളിതവുമാക്കണമെന്നും പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദേശകാര്യ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നറിയുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക