മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷനോട് നടി രഞ്ജിനി.
ഇന്നസെന്റിനെതിരെ നടപടിയെടുക്കണമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്‌റയോടും വനിതാ കമ്മീഷനോടും രഞ്ജി ആവശ്യപ്പെട്ടു. ഫേസ്‌ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രൂക്ഷമായ വിമര്‍ശനമാണ് ഇന്നസെന്റിനെതിരെ രഞ്ജിനി ഉന്നയിച്ചത്. അമ്മയുടെ യോഗത്തിനു ശേഷവും പത്രസമ്മേളനത്തിലും നടന്നതിയ അദ്ദേഹത്തിന്റെ പ്രസ്‌താവന തന്നെ രോക്ഷം കൊള്ളിച്ചു. അമ്മ തമാശയ്ക്ക് വേണ്ടിയുള്ള സംഘടനയല്ല. നിങ്ങള്‍ അഭിനയിക്കുന്ന സിനിമയിലെ കോമഡി സീനല്ല ഇതെന്ന് മനസിലാക്കണം. ഇതിനാല്‍ അമ്മയിലെ സ്ഥാനം രാജിവയ്ക്കുന്നതാകും നല്ലതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
എംപിയായ ഇന്നസെന്റ് പാര്‍ലമെന്റില്‍ എങ്ങനെയാണ് ചിന്തിക്കുന്നത്. രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ ഗുണങ്ങള്‍ ഒന്നുമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലെ സംഭവം അതിനുള്ള തെളിവാണ്. സ്‌ത്രീകളെ ആദരിക്കാന്‍ പറയുമ്പോള്‍ തന്നെയാണ് അധിക്ഷേപവും അവഹേളനവും ഉണ്ടാകുന്നത്. ഇന്നസെന്റിനെതിരെ കേസ് എടുക്കുന്നത് സാധാരണക്കാര്‍ക്ക് മാതൃകയാകുമെന്നും രഞ്ജിനി പറഞ്ഞു.