വന്ധ്യംകരണ ക്യാമ്പില്‍ ശസ്ത്രക്രിയക്കു വിധേയരായ എട്ടു സ്ത്രീകള്‍ മരിച്ചു. 15 സ്ത്രീകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഛത്തിസ്ഗഡിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. സംഭവ സ്ഥലത്ത് ജനങ്ങള്‍ തടിച്ച് കൂടുകയും പ്രതിഷേധം നടത്തുകയും ചെയ്തു.
ആരോഗ്യ മന്ത്രി അമര്‍ അഗര്‍വാളിന്‍റെ ജന്മദേശമായ തഗദ്പുര്‍ ജില്ലയിലെ പെന്‍ഡാരി ഏരിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. ശനിയാഴ്ച ഛത്തിസ്ഗഡ് സര്‍ക്കാര്‍ നടത്തിയ കുടുംബാസൂത്രണ ക്യാമ്പില്‍ 83 സ്ത്രീകളാണ് വന്ധ്യംകരണം ശസ്ത്രക്രിയക്ക് വിധേയരായത്. ഇവരില്‍ 8 സ്ത്രീകളാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പതിനഞ്ചുപേര്‍ക്കും അടിയന്തരമായി ചികിത്സ നല്‍കിയിരിക്കുകയാണ്. അതേസമയം സംഭവത്തില്‍ യാതൊരു വിഴ്‌ചയും വന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എട്ട് പേരുടെയും മരണം ശസ്ത്രക്രിയ മൂലമല്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
സംഭവം വിവാധമായതോടെ കൂടുതല്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.