സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രവിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കാനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച രാഷ്ട്രീയ ആവിഷ്കാർ അഭിയാന് പദ്ധതിയ്ക്ക് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾ കലാമിന്റെ പേരു നല്‍കി. കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡോ എ പി ജെ അബ്ദുൾ കലാമിന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്ന പദ്ധതിയായതിനാൽ അദ്ദേഹത്തിന്റെ പേര് നൽകുന്നത് ഏറ്റവും ഉചിതമാണെന്ന് തങ്ങൾ കരുതുന്നതായി സ്മൃതി ഇറാനി വ്യക്തമാക്കി. സ്വാഭിമാനമുള്ള സ്വാവലംബിയായ ഒരു ഭാരതത്തെ സ്വപ്നം കണ്ടയാളായിരുന്നു കലാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈ 9 ന് ഡോ. കലാം തന്നെയായിരുന്നു രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ഉദ്ഘാടനം ചെയ്തത് . പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിദ്യാർത്ഥികൾ എപ്പോഴും ശ്രദ്ധനൽകണമെന്ന് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വിശാലമായ ലക്ഷ്യം , അറിവിന് വേണ്ടിയുള്ള ദാഹം , കഠിന പ്രയത്നം എന്നിവ വിദ്യാർത്ഥികൾക്ക് അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു.