മത്സരിക്കാന്‍ ആളില്ല, ആം ആദ്മി വെട്ടിലായി!

വെള്ളി, 7 നവം‌ബര്‍ 2014 (15:15 IST)
ഡല്‍ഹിയില്‍ ഉടന്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തനമെന്ന് ഘോര ഘോരം പ്രസംഗിച്ച് നടന്ന ആം ആദ്മി നേതാവ് കെജ്രിവാളിനേയും സംഘത്തേയും വെട്ടിലാക്കിക്കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് നിലവിലെ എം,‌എല്‍‌എമാര്‍ പിന്‍വാങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനോട് വിയോജിച്ച് തീപ്പൊരി നേതാവ് ഷാസിയ ഇല്‍മി നേരത്തേ തന്നെ പാര്‍ട്ടി വിട്ടിരുന്നു. ഇതിനു പിന്നാലെ രണ്ട് എം എല്‍ എമാര്‍ മത്സരരംഗത്ത് നിന്നും പിന്മാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരീഷ് ഖന്ന, രാജേഷ് ഗാര്‍ഗ് എന്നീ എം എല്‍ എമാരാണ് തങ്ങള്‍ മത്സരിക്കാനില്ല എന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മത്സരരംഗത്ത് നിന്നും ഇവര്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമാക്കിയിട്ടില്ല. ഹരീഷ് ഖന്നയ്ക്കും ഗാര്‍ഗിനും പിന്നാലെ കൂടുതല്‍ എം എല്‍ എമാര്‍ വരുംദിവസങ്ങളില്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ തനിക്ക് അതൃപ്തിയുണ്ട് എന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ എഴുതി അറിയിച്ചതായും ഹരീഷ് ഖന്ന പറഞ്ഞു. ഡല്‍ഹിയില്‍ ഉടന്‍ തിരഞ്ഞെടുപ്പ് വേണ്ട എന്ന പക്ഷക്കാരായിരുന്നു ഹരീഷ് ഖന്നയും രാജേഷ് ഗാര്‍ഗും. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താന്‍ കഴിയില്ല എന്ന തോന്നല്‍ കൊണ്ടാണ് ഇരുവരും മത്സരിക്കാത്തത് എന്നാണ് കരുതപ്പെടുന്നത്.  




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക