ഡൽഹിയിലെ അഴിമതി തുടച്ചു നിക്കാന്‍ ബിഹാർ പൊലീസ് വരുന്നു

ചൊവ്വ, 2 ജൂണ്‍ 2015 (11:44 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ സംഘത്തിലേക്ക് ബിഹാർ പൊലീസിനെയും ഉൾപ്പെടുത്തുന്നു. കെജ്‍രിവാൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇക്കാര്യം ചർച്ചചെയ്തിട്ടുണ്ടെന്നും ആദ്യ ഘട്ടത്തിൽ ആറു പേരെയാണ് അഴിമതി വിരുദ്ധ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമെന്നാണ് റിപ്പോർട്ടുകൾ.
 
ബിഹാർ പൊലീസിൽ നിന്നും ഒരു സൂപ്രണ്ട് ഉൾപ്പെടെ ആറു പേരെയാണ് ആദ്യ ഘട്ടത്തിൽ ഡൽഹി സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ അഞ്ചു പേർ ഇൻസ്പെക്ടർമാരും സബ് ഇൻസ്പെക്ടർമാരുമാണ്. അതേസമയം എന്താണ് ഇവരുടെ ചുമതലകൾ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായിട്ടില്ല. 
 
ഡൽഹിയിലെ അഴിമതി വിരുദ്ധ സംഘത്തിൽ ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥരെ മാത്രമേ ഉൾപ്പെടുത്താവൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിനെ നിഷേധിച്ചാണ് ഡൽഹി സർക്കാരിന്റെ പുതിയ തീരുമാനം. നേരത്തെ കെജ്‌രിവാളും ഗവര്‍ണറും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായിരുന്നു. അതിനെ തുടര്‍ന്ന് ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രം വിഞ്ജാപനം ഇറക്കുകയും ചെയ്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക