അന്തരിച്ച ജയ്പൂര്‍ മഹാറാണി ഗായത്രീ ദേവിയുടെ പിന്‍മുറക്കാര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത 800 കിലോഗ്രാം സ്വര്‍ണം തിരിച്ചു പിടിക്കാനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. രാജകുടുംബം കൈവശം വച്ചിരുന്ന സ്വര്‍ണം 1975 ല്‍ ആണ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടിയത്.
ഗായത്രീ ദേവിയുടെ ഭര്‍ത്താവ് സവായ് മാന്‍സിംഗിന്റെ സ്വകാര്യ സമ്പാദ്യമായിരുന്ന സ്വര്‍ണത്തെ കുറിച്ച് 1968 ലെ ഗോള്‍ഡ് കണ്ട്രോള്‍ നിയമ പ്രകാരം സര്‍ക്കാരിനെ അറിയിക്കാതിരുന്നതാണ് പിടിച്ചെടുക്കാന്‍ കാരണമായത്. എന്നാല്‍, ഇപ്പോള്‍ ഈ നിയമം റദ്ദാക്കിയിട്ടുണ്ട്.
മാന്‍ സിംഗിന്റെ മൂത്ത പുത്രന്‍, റിട്ട. ബ്രിഗേഡിയര്‍ സവായി ഭവാനി സിംഗാണ് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യ-പാക് യുദ്ധത്തില്‍ താന്‍ ജീവന്‍ പണയം വച്ച് രാജ്യത്തിനു വേണ്ടി പോരാടിയതും 1971 തനിക്ക് മഹാവിര്‍ ചക്ര ലഭിച്ചതും ഭവാനി സിംഗ് തന്റെ ഹര്‍ജിയില്‍ വിവരിക്കുന്നു. ഇത്തരത്തില്‍ രാജ്യ സ്നേഹമുള്ള താന്‍ രാജ്യത്തെ നിയമത്തെ മന:പൂര്‍വം മറികടക്കില്ല എന്നും ജയ്പൂര്‍ രാജവംശത്തിലെ ഇപ്പോഴത്തെ പിന്‍മുറക്കാരന്‍ വാദിക്കുന്നു.
1968 ലെ ഇന്ത്യന്‍ ഡിഫന്‍സ് നിയമം, ഗോള്‍ഡ് കണ്ട്രോള്‍ നിയമം എന്നിവ അനുസരിച്ച് അസംസ്കൃത സ്വര്‍ണം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. അസംസ്കൃത സ്വര്‍ണം കണ്ടെത്തിയാല്‍, ആറ് മാസത്തിനുള്ളില്‍ അത് അംഗീകൃത വ്യാപാരിക്കോ സ്വര്‍ണപ്പണിക്കാര്‍ക്കോ വില്‍ക്കണം. എന്നാല്‍, രാജകുടുംബം രണ്ട് ഉപാധികളും ലംഘിച്ചു എന്നും അതിനാല്‍ 1.5 കോടിയുടെ പിഴ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിന്നീട്. പിഴ 80 ലക്ഷമായി കുറച്ചു നല്‍കിയെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്കെ ദുബെ ശനിയാഴ്ച വാദിച്ചു. വാദം തിങ്കളാഴ്ചയും തുടരും.