ബെംഗളൂരു നഗരത്തില്‍ കോവിഡ് വ്യാപനത്തിനു കാരണം മുങ്ങി നടക്കുന്ന രോഗികള്‍ ആണെന്ന് കര്‍ണാടക റവന്യു മന്ത്രി ആര്‍.അശോക പറഞ്ഞു. ഏകദേശം 3,000 രോഗികളാണ് ആരോഗ്യവകുപ്പിനെയും പൊലീസിനെയും പറ്റിച്ച് മുങ്ങി നടക്കുന്നത്. ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അതിനാല്‍ രോഗികളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പോലും ഇവര്‍ എങ്ങോട്ടാണ് പോയിരിക്കുന്നതെന്ന് അറിയില്ല.
ഇങ്ങനെ അലസമായി കാര്യങ്ങളെ സമീപിച്ചാല്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകും. കോവിഡ് ഗുരുതരമായി ഐസിയു ബെഡിലേക്കായിരിക്കും അവസാനം ഇവരൊക്കെ എത്തിപ്പെടുക. അത് കൂടുതല്‍ ഗുരുതരമായ സ്ഥിതി വിശേഷമാകും. അതുകൊണ്ട് എല്ലാ കോവിഡ് രോഗികളും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നിലവില്‍ കര്‍ണാടക സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ സംസ്ഥാനത്തു നിന്ന് മുങ്ങിയ രോഗികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.