26 വര്‍ഷം മുന്‍പ് കൈക്കൂലി വാങ്ങിയ മുന്‍ ജഡ്ജിക്ക് മൂന്ന് വര്‍ഷം തടവ്
ശനി, 28 ഏപ്രില്‍ 2012 (19:41 IST)
PRO
PRO
കൈക്കൂലിക്കേസില്‍ മുന്‍ ജഡ്ജിക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷ. ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റായിരുന്ന ഗുലാബ് തുള്‍സിയാനിയെയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 26 വര്‍ഷം മുന്‍പ് ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം.
ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതി ജഡ്ജി വി കെ മഹേശ്വരിയാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. എന്നാല്‍ ശിക്ഷയ്ക്കെതിരേ അപ്പീല്‍ നല്‍കാനുദ്ദേശിക്കുന്നതായി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കോടതി റദ്ദാക്കി. തുടര്‍ന്ന് 50,000 രൂപയുടെ വ്യക്തിപരമായ ബോണ്ടിലും ഇതേ തുകയ്ക്കുള്ള ആള്‍ ജാമ്യത്തിലുമാണ് എഴുപത്തിനാലുകാരനായ ഗുലാബ് തുള്‍സിയാനിയെ വിട്ടയച്ചത്. 1986 ലായിരുന്നു കേസിനാസ്പദമായ സംഭവം.
നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ അനുദിനം ഉലച്ചില്‍ തട്ടിക്കൊണ്ടിരിക്കുകയാണെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. സ്വയം അടിച്ചേല്‍പിക്കുന്ന മുറിവുകളില്‍ വേദനിക്കുകയാണ് നീതിന്യായവ്യവസ്ഥയെന്നും കോടതി അഭിപ്രായപ്പെട്ടു.